ടോപ് 4 പ്രതീക്ഷകൾ അകറ്റി കൊണ്ട് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ലെസ്റ്റർ സിറ്റിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനിലയുമായാണ് കളി അവസാനിപ്പിച്ചത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ പതിയെ തുടങ്ങിയ മത്സരമാണ് കണ്ടത്. റൊണാൾഡോയും കവാനിയും ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികം അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. ആദ്യ പകുതിയിൽ ആകെ ഒരു ഷോട്ട് ഓൺ ടാർഗറ്റ് ആണ് അവർക്ക് ഉണ്ടായത്. ഫ്രെഡിന്റെ പാസിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിനായിരുന്നു ആ അവസരം വന്നത്. ബ്രൂണോയുടെ ഷൂട്ട് കാസ്പെർ ഷിമൈക്കിൾ സമർത്ഥമായി തടഞ്ഞു. ലെസ്റ്റർ ആകട്ടെ ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുത്തില്ല.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും ആദ്യ ഗോൾ സ്കോർ ചെയ്തത് ലെസ്റ്റർ സിറ്റിയാണ്. 63ആം മിനുട്ടിൽ മാഡിസൻ നൽകിയ ക്രോസിൽ നിന്ന് ഇഹെനാചോ മനോഹരമായി പന്ത് വലയിൽ എത്തിച്ചു. ലെസ്റ്ററിന് ലീഡ്. ഈ ഗോളിന് ശേഷം ഉണർന്ന് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 3 മിനുട്ടുകൾക്ക് അകം സമനില കണ്ടെത്തി. ബ്രൂണൊയുടെ ഷോട്ട് കാസ്പെർ ഷിമൈക്കിൾ തടഞ്ഞു എങ്കിലും ഫ്രെഡ് റീബൗണ്ടിലൂടെ വലയിൽ പന്ത് എത്തിച്ചു.
ഇതിനു ശേഷം ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു. 80ആം മിനുട്ടിൽ മാഡിസൻ ലെസ്റ്ററിന് ലീഡ് നൽകി. ഇഹെനാചോയുടെ സ്കിൽ ആണ് ആ ഗോളിന് വഴി ഒരുക്കിയത്. ഈ ഗോൾ ലെസ്റ്റർ ആഘോഷിച്ചു എങ്കിലും വാർ പരിശോധനയിൽ ആ ഗോൾ ഫൗളന്ന് കാണിച്ച് നിഷേധിച്ചു. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയായി.
ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്. 30 മത്സരങ്ങളിൽ 51 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ് ഉള്ളത്. ലെസ്റ്റർ സിറ്റി 37 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു.