മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിൽ. ഇന്ന് നടന്ന ആവേശ പോരാട്ടത്തിന് ഒടുവിൽ ഡെന്മാർക്ക് ചാമ്പ്യന്മാരായ കോബൻഹേവനെ മറികടന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലേക്ക് കടന്നത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. കോബൻഹേവന്റെ കീപ്പറായ കാൾ ജൊഹാൻ ജോൺസൺ നടത്തിയ പകരം വെക്കാനില്ലാത്ത പ്രകടനമാണ് മത്സരം എക്സ്ട്രാ ടൈം വരെ എത്തിച്ചത്.
മത്സരത്തിൽ തുടക്കം മുതൽ നിരവധി അവസരങ്ങൾ ഇരു ടീമുകളും ഉണ്ടാക്കി. രണ്ട് ടീമുകൾക്കും പക്ഷെ ലക്ഷ്യം കണ്ടെത്താൻ ആയില്ല. എന്നാൽ 45ആം മിനുട്ടിൽ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് വല കുലുക്കി. പക്ഷെ അത് വാർ ഓഫ്സൈഡ് ആണെന്ന് വിധിച്ചു. പിന്നാലെ റാഷ്ഫോർഡിന്റെ പവർഫുൾ ഷോട്ട് ജോൺസൺ തടുക്കുന്നതും കാണാൻ ആയി.
രണ്ടാം പകുതിയിൽ ജോൺസൺ 7 സേവുകളോളമാണ് നടത്തിയത്. രണ്ട് തവണ പോസ്റ്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് വില്ലനായി എത്തി. ബ്രൂണോയുടെയും ഗ്രീൻവ്വുഡിന്റെയും ശ്രമങ്ങളാണ് പോസ്റ്റിൽ തട്ടി മടങ്ങിയത്. എക്സ്ട്രാ ടൈമിലും ജോൺസൺ സേവ് തുടർന്നു. അവസാനം 94ആം മിനുട്ടിൽ ഒരു പെനാൾട്ടി വേണ്ടി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ജോൺസണെ കീഴ്പ്പെടുത്താൻ. മാർഷ്യലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു. അത് കഴിഞ്ഞ് രണ്ടാം ഗോൾ കണ്ടെത്താൻ ഒരുപാട് അവസരങ്ങൾ യുണൈറ്റഡിന് കിട്ടി എങ്കിലും രണ്ടാം ഗോൾ പിറന്നില്ല. മത്സരത്തിൽ ആകെ 13 സേവുകളാണ് കോബൻഹേവൻ ഗോൾ കീപ്പർ നടത്തിയത്.
വിജയത്തോടെ സെമി ഫൈനലിലെ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സെമിയിലെ എതിരാളികൾ ആരെന്ന് അറിയാൻ ഒരു ദിവസം കാത്തിരിക്കണം. നാളെ നടക്കുന്ന സെവിയ്യയും വോൾവ്സും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ആകും യുണൈറ്റഡിനെ സെമിയിൽ നേരിടുക.