ഫുട്ബോൾ ലോകത്തെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസേഴ്സ് ഐ പി എല്ലിലേക്ക് എത്തുന്നു. ഐ പി എല്ലിൽ പുതിയ ടീമുകൾക്കായി ബിഡ് ചെയ്യാൻ ഗ്ലേസേഴ്സ് ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ രണ്ടു ക്ലബുകൾക്കായി ഐ പി എൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ നൽകാനുള്ള ഡോക്യുമെന്റുകൾ ഗ്ലേസേഴ്സ് കൈപറ്റിയിട്ടുണ്ട്. ബി സി സി ഐ വെക്കുന്ന നിബന്ധനകൾ പാലിക്കുക ആണെങ്കിൽ വിദേശ കമ്പനികൾക്കും ഐ പി എൽ ടീമിനായി ബിഡ് ചെയ്യാവുന്നതാണ്. ഗ്ലേസേഴ്സിന് വേണ്ടിയാണ് ഐ പി എൽ അപേക്ഷ നൽകേണ്ട തീയതികൾ നീട്ടിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഗ്ലേസേഴ്സിനെ കൂടാതെ വൻ മുതലാളിമാരും കമ്പനികളും ഐ പി എൽ ടീമിനായി രംഗത്ത് ഉണ്ട്. അദാനി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽസ്, ടൊറെന്റ് ഫാർമ, ഔറോബിന്ദോ,ഹിന്ദുസ്ഥാൻ ടൈംസ് എന്ന് തുടങ്ങി വലിയ കമ്പനികൾ അപേക്ഷകൾ നൽകുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇടയിൽ നല്ല പേരല്ല. ക്ലബിന്റെ സമ്പത്ത് ഊറ്റി കൊണ്ടു പോകുന്ന ഗ്ലേസേഴ്സിന് എതിരെ ആരാധകർ വർഷങ്ങളായി പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകോട്ട് പോകാനുള്ള കാരണവും ഗ്ലേസേഴ്സ് ആണ് എന്നാണ് മാഞ്ചസ്റ്ററിന്റെ ആരാധകർ പറയുന്നത്.
എന്നാൽ ഫ്രാഞ്ചൈസി ലീഗായ ഐ പി എല്ലിൽ അത്തരം പ്രശ്നങ്ങൾക്ക് സാധ്യത ഇല്ല. ഗ്ലേസേഴ്സിന്റെ അപേക്ഷ ബി സി സി ഐ അംഗീകരിക്കുമോ എന്നാണ് ഇനി ഉറ്റു നോക്കുന്നത്.