ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചുവരവുകളുടെ ദിവസമായിരുന്നു. സൗതപ്ടണെയും, ന്യൂകാസിലിനെയും ആസ്റ്റൺ വില്ലയെ പോലെയും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ന് പരാജയത്തിൽ നിന്ന് തിരിച്ചുകയറി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. യുണൈറ്റഡ് അക്കാദമി വളർത്തി കൊണ്ട് വന്ന യുവതാരങ്ങളായ റാഷ്ഫോർഡും ഗ്രീൻവുഡുമാണ് ഗോളുകൾ നേടിയത് എന്നത് വിജയം കൂടുതൽ തിളക്കമുള്ളതാക്കി മാറ്റി.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെൽബക്കിലൂടെ 13ആം മിനുട്ടിൽ തന്നെ ബ്രൈറ്റൺ മുന്നിൽ എത്തിയത് യുണൈറ്റഡ് ക്യാമ്പിലെ ഏവരെയും ആശങ്കയിലാക്കി. ആദ്യ പകുതി മുഴുവൻ ആ ലീഡ് നിലനിർത്താൻ ബ്രൈറ്റണായി. 62ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൾട്ടി ബോക്സിൽ നിന്ന് കൈമാറിയ പന്ത് വലയിൽ എത്തിച്ച് യുണൈറ്റഡ് സമനില സ്വന്തമാക്കി.
തുടർന്നും ആക്രമണം തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയ ഗോൾ നേടിയത് ടീനേജ് താരമായ ഗ്രീൻവുഡ് ആയിരുന്നു. 83ആം മിനുട്ടിൽ പോഗ്ബ നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ ആണ് ഗ്രീൻവുഡ് വലയിൽ എത്തിച്ചത്. ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം സ്ഥാനത്തുള്ള ലീഡ് നാലു പോയിന്റാക്കി വർധിപ്പിച്ചു. 30 മത്സരങ്ങളിൽ 60 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ ഉള്ളത്