സൂപ്പർ സബ്ബായി ട്രെസഗെ, ആസ്റ്റൺ വില്ലയുടെ മാസ്മരിക തിരിച്ചുവരവ്

20210404 233034

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തിരിച്ചുവരവുകളുടെ രാത്രിയാണ്. സൗതാമ്പ്ടണു പിന്നാലെ ആസ്റ്റൺ വില്ലയും ഇന്ന് തിരിച്ചുവരവിലൂടെ വിജയം നേടി. ഇന്ന് വില്ല പാർക്കിൽ വെച്ച് ഫുൾഹാമിനെ നേരിട്ട ആസ്റ്റൺ വില്ല ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1ന്റെ വിജയം സ്വന്തമാക്കി. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ വില്ല ക്യാപ്റ്റൻ മിങ്സിന്റെ അബദ്ധം മുതലെടുത്ത് മിട്രോവിച് ആണ് ഫുൾഹാമിന് ലീഡ് നൽകിയത്.

ആ ഗോളിൽ പതറാതെ നന്നായി പ്രതികരിച്ച വില്ല ട്രെസഗയെ സബ്ബായി എത്തിച്ചു. മൂന്ന് മിനുട്ടിനിടയിൽ നേടിയ മനോഹരമായ രണ്ടു ഗോളുകളുമായി ട്രസഗെ കളി മാറ്റിമറിച്ചു. 78ആം മിനുട്ടിലും 81ആം മിനുട്ടിലും ആയിരുന്നു ട്രെസഗയുടെ ഗോളുകൾ. 87ആം മിനുട്ടിൽ ട്രയോരയുടെ ക്രോസിൽ നിന്ന് വാറ്റ്കിൻസും വല കണ്ടെത്തിയതോടെ വില്ല വിജയം ഉറപ്പായി. ഈ വിജയം വില്ലയെ 49 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തിച്ചു.