മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ എവേ ഗ്രൗണ്ടുകളിലെ ടീമായി മാറിയിരിക്കുകയാണ്. സീസണിൽ ലീഗിൽ കളിച്ച എല്ലാ എവേ മത്സരത്തിലും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും ഒരു എവേ വിജയം സ്വന്തമാക്കി. അതും ഒരു തിരിച്ചുവരവിലൂടെ തന്നെ. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിന്റെ യഥാർത്ഥ സൗന്ദര്യം കണ്ട മത്സരത്തിൽ ഷെഫീൽഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.
ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം രീതിയിലാണ് കളി തുടങ്ങിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ യുണൈറ്റഡ് ഷെഫീൽഡിന് ഗോൾ സമ്മാനിച്ചു. ഡി ഹിയക്ക് പകരം ഗോൾ വലയ്ക്ക് മുന്നിൽ എത്തിയ ഡീൻ ഹെൻഡേഴ്സന്റെ പിഴവാണ് ഷെഫീൽഡിനെ മുന്നിൽ എത്തിച്ചത്. ഹെൻഡേഴ്സന്റെ അബദ്ധം മുതലെടുത്ത് ഒരു ടാപിന്നിലൂടെ മക്ഗോൾഡ്റിഗ് ഷെഫീൽഡിന് ലീഡ് നൽകി.
പതിവു പോലെ ഗോൾ വഴങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഉണർന്നു. ഇത്തവണ തിരിച്ചുവരവിന് യുണൈറ്റഡ് അധികം സമയം എടുത്തില്ല. 26ആം മിനുട്ടിൽ റാഷ്ഫോർഡ് യുണൈറ്റഡിന് സമനില നൽകി. ലിൻഡെലോഫിന്റെ ഒരു മനോഹര ലോങ് പാസ് അതിനേക്കാൾ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ റാഷ്ഫോർഡ് കൈക്കലാക്കി. അതിനു ശേഷം ഒരു പവർഫുൾ ഷോട്ടിലൂടെ പന്ത് വലയിലുമാക്കി.
33ആം മിനുട്ടിൽ ആയിരുന്നു യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നത്. ഇത്തവണ പോൾ പോഗ്ബ ആയിരുന്നു ഗോൾ അവസരം സൃഷ്ടിച്ചത്. ഒരു നോ ലുക് പാസിലൂടെയാണ് പോഗ്ബ മാർഷ്യലിനെ കണ്ടെത്തിയത്. വളരെ എളുപ്പത്തിൽ പന്ത് വലയിൽ മാർഷ്യലിനായി. മാർഷ്യലിന്റെ ഈ സീസണിലെ ആദ്യ ലീഗ് ഗോളാണിത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഗോൾ ഒരു ഗംഭീര കൗണ്ടർ അറ്റാക്ക് ആയിരുന്നു. പോൾ പോഗ്ബയുടെ സ്കില്ലിലൂടെ തുടങ്ങി വെച്ച കൗണ്ടർ അറ്റാക്ക് റാഷ്ഫോർഡിലൂടെ ഗോളായി മാറുക ആയിരുന്നു. ഈ ഗോളോടെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവും മൂന്ന് പോയിന്റും ഉറപ്പിച്ചു എന്നാണ് കരുതിയത് എങ്കിലും യുണൈറ്റഡ് ഡിഫൻസിലേക്ക് മാറിയത് ഷെഫീൽഡിനെ കളിയിലേക്ക് തിരികെ എത്തിച്ചു.
87ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഷെഫീൽഡ് യുണൈറ്റഡ് രണ്ടാം ഗോൾ നേടി. മക്ഗോൾഡ്രിഗാണ് രണ്ടാം ഗോളിന്റെയും ഉടമ. ഈ ഗോൾ അവസാന നിമിഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അതീവ സമ്മർദ്ദത്തിലേക്ക് തള്ളി വിട്ടു. എങ്കിലും വിജയം കഷ്ടപ്പെട്ട് ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 92ആം മിനുട്ടിൽ ഡീൻ ഹെൻഡേഴ്സൺ നടത്തിയ അത്ഭുത സേവ് ആണ് യുണൈറ്റഡിനെ രക്ഷിച്ചത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെയും ചെൽസിയെയും മറികടന്ന് ലീഗിൽ ആറാം സ്ഥാനത്ത് എത്തി. 13 മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു വിജയം പോലും ഇല്ലാത്ത ഷെഫീൽഡ് അവസാന സ്ഥാനത്താണ് ഉള്ളത്.