സാഞ്ചോയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കിയതോടെ യൂറോപ്പിലെ ഏതു വൻ ടീമുകളോടും കിടപിടിക്കുന്ന അറ്റാക്കിംഗ് ഫോഴ്സായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറി എന്ന് തന്നെ പറയാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് താരങ്ങളുടെ പേരുകൾ ഏതു ഡിഫൻസിനെയും ഭീതിയിലാഴ്ത്തുന്നതാണ്. ഗ്രീൻവുഡ്, സാഞ്ചോ, റാഷ്ഫോർഡ്, കവാനി, ഇവർക്ക് പിറകിൽ ക്രിയേറ്റീവ് പാസുകൾ നൽകാനും ഗോൾ നേടാനും കഴിവുള്ള ബ്രൂണോ ഫെർണാണ്ടസും പോൾ പോഗ്ബയും.
കഴിഞ്ഞ സീസണിൽ ബ്രൂണോ ഫെർണാണ്ടസും റാഷ്ഫോർഡും ആയിരുന്നു സീസൺ തുടക്കത്തിൽ ഗോളടിച്ച് കൂട്ടിയിരുന്നത്. സീസൺ അവസാനത്തിൽ റാഷ്ഫോർഡ് പരിക്കുകൾ കാരണം നിറം മങ്ങിയ സമയത്ത് ഗ്രീൻവുഡിന്റെയും കവാനിയുടെ ബൂട്ടുകൾക്ക് തീപിടിച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമായി യുണൈറ്റഡ് കഴിഞ്ഞ തവണ മാറി. ഒരു കളിയിൽ ഒമ്പതു ഗോളുകൾ അടിക്കുന്ന യുണൈറ്റഡ് ടീമിനെ വരെ ഈ കഴിഞ്ഞ സീസണിൽ കണ്ടു.
സാഞ്ചോ കൂടെ വന്നാൽ ഈ അറ്റാക്കിന്റെ കരുത്ത് ഏറെ കൂടും. ബ്രൂണോ ഫെർണാണ്ടസിന്റെ ചുമലിൽ ആയിരുന്നു യുണൈറ്റഡിലെ ക്രിയേറ്റീവ് ഉത്തരവാദിത്തം ഇതുവരെ. ഗോൾ സൃഷ്ടിക്കാൻ നന്നായി അറിയുന്ന സാഞ്ചോയുടെ വരവ് ബ്രൂണോയുടെ ഭാരം കുറക്കും. ഇംഗ്ലണ്ടിലെ ഫുട്ബോളിലൂടെ വളർന്ന താരമായതിനാൽ പ്രീമിയർ ലീഗുമായി ഇണങ്ങാൻ സാഞ്ചോയ്ക്ക് അധികം സമയം വേണ്ടു വരില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലതുവിങ്ങിന് വർഷങ്ങൾക്ക് ശേഷം ജീവൻ വെക്കാനും സാഞ്ചോയുടെ വരവ് കാരണമാകും.
കഴിഞ്ഞ സീസണിൽ പരിക്കും ഫോമില്ലായ്മയും കാരണം ഒരുപാട് പിറകിലേക്ക് പോയ മാർഷ്യൽ, യൂറോ കപ്പ വെയിൽസിനു വേണ്ടി വിങ്ങുകളിൽ ഗംഭീര പ്രകടനം നടത്തിയ ഡാനിയൽ ജെയിംസ്, കഴിഞ്ഞ സീസണിൽ ഇറങ്ങിയപ്പോൾ ഒക്കെ തന്റെ പ്രതിഭ അറിയിച്ച അമദ്, വെസ്റ്റ് ഹാമിൽ ലോണിൽ പോയി ഏവരെയും ഞെട്ടിച്ച ലിംഗാർഡ്, കഴിഞ്ഞ സീസണിൽ അവസരമേ കിട്ടാതിരുന്ന വാൻ ഡെ ബീക് എന്നിവരും യുണൈറ്റഡ് അറ്റാക്കിംഗ് നിരയുടെ ഒപ്പമുണ്ട്.
അറ്റാക്ക് ഇങ്ങനെ ആണെങ്കിലും മധ്യനിര ഇപ്പോഴും അത്ര ശക്തമല്ല എന്നത് യുണൈറ്റഡിനെ അലട്ടുന്നുണ്ട്. മാറ്റിച്, മക്ടോമിനെ, ഫ്രെഡ് എന്നിവർ മാത്രമുള്ള മധ്യനിരക്ക് പ്രീമിയർ ലീഗ് വിജയിക്കാനുള്ള മികവ് ഇല്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിശ്വസിക്കുന്നത്. മധ്യനിരയും ഡിഫൻസും ശക്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ഇതൊക്കെ ശക്തമാക്കിയാലും പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറും യുണൈറ്റഡിൽ വലിയ ചോദ്യ ചിഹ്നമാണ്. ടീം ശക്തമാക്കിയിട്ടും ഒലെയ്ക്ക് കിരീടം കൊണ്ടുവരാൻ ആയില്ല എങ്കിലും അദ്ദേഹത്തെ ബോർഡ് പുറത്താക്കേണ്ടി വരും. ഈ വരുന്ന സീസണിൽ കിരീടം ഇല്ല എങ്കിൽ ഒലെ ക്ലബിൽ തുടരും എന്ന് ഒലെ പോലും പ്രതീക്ഷിക്കുന്നുണ്ടാകില്ല.