ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ച ഏറ്റവും നല്ല മത്സരം ഇതാണെന്ന് പറയേണ്ടി വരും. അത്രക്ക് മികച്ച പ്രകടനമാണ് ഇന്ന് ഓൾഡ് ട്രാഫോർഡിൽ സ്പർസിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കണ്ടത്. അറ്റാക്ക് എന്നൊരൊറ്റ ടാക്ടിക്സുമായി ഇറങ്ങിയ യുണൈറ്റഡ് ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ടോട്ട്ക്ക്നം ഗോൾ കീപ്പർ ലോറിസിന്റെ എണ്ണമില്ലാത്ത സേവുകൾ ഇല്ലായിരുന്നു എങ്കിൽ വൻ പരാജയം സ്പർസ് നേരിടേണ്ടി വന്നേനെ.
റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി കൊണ്ട് തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കം മുതൽ അറ്റാക്ക് മാത്രമാണ് നടത്തിയത്. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ യുണൈറ്റഡ് സ്പർസിനെ മറുഭാഗത്തേക്ക് പോകാനെ അനുവദിച്ചില്ല. ആദ്യ പകുതിയിൽ മാത്രം യുണൈറ്റഡ് 19 ഷോട്ടുകൾ ആണ് ഉതിർത്തത്. പക്ഷെ ലോറിസിന്റെ തുടർ സേവുകൾ കളി ആദ്യ പകുതിയിൽ ഗോൾ രഹിതമാക്കി നിർത്തി.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. ഫ്രെഡിന്റെ ഒരു ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു. ഈ ഗോൾ പിറന്നിട്ടും യുണൈറ്റഡ് ഡിഫൻസിലേക്ക് വലിഞ്ഞില്ല. അവർ അറ്റാക്ക് തുടർന്നു. 69ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ലോറിസിനെ കീഴ്പ്പെടുത്താൻ യുണൈറ്റഡിന് ഡിഫ്ലക്ഷൻ ഒന്നും വേണ്ടി വന്നില്ല.
81ആം മിനുട്ടിൽ ഒരിക്കൽ കൂടെ ബ്രൂണോ യുണൈറ്റഡിനായി സ്കോർ ചെയ്തു. പക്ഷെ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നത് സ്പർസിന് രക്ഷയായി.
ഈ വിജയത്തോടെ 19 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. സ്പർസ് 23 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.