മികച്ച ഹോക്കി താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി മൻപ്രീത് സിംഗ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‍കാരം ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. 2019ൽ മൻപ്രീത് പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്. ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് മൻപ്രീത് സിംഗ്. വോട്ടിങ്ങിൽ 35.2 ശതമാനം വോട്ട് നേടിയാണ് മൻപ്രീത് അവാർഡിന് അർഹനായത്.

1999ൽ അവാർഡ് നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ അവാർഡ് സ്വന്തമാക്കുന്നത്. ബെൽജിയം താരം ആർതർ വാൻ ഡോറൺ, അർജന്റീന താരം ലൂക്കാസ് വിയ്യ എന്നിവരെ മറികടന്നാണ് മൻപ്രീത് അവാർഡ് സ്വന്തമാക്കിയത്. മൻപ്രീത് സിംഗിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ഒളിമ്പിക് യോഗ്യത മത്സരം വിജയിച്ച് ഇന്ത്യ ടോക്കിയോ ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചത്.

മുൻപ് 2012 ലണ്ടൻ ഒളിംപിക്സിലും 2016 റിയോ ഒളിംപിക്സിലും ഇന്ത്യക്ക് വേണ്ടി കളിച്ച മൻപ്രീത് ഇന്ത്യക്ക് വേണ്ടി 260 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.