മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിനെതിരെ നടത്തിയ വ്യാജ പ്രചരണത്തിലും വ്യക്തിഹത്യയിലും തെറ്റ് സമ്മതിച്ച് മഞ്ഞപ്പട. സി കെ വിനീത് പോലീസിന് നൽകിയ പരാതിയിൽ, ഇന്ന് മഞ്ഞപ്പട കൊച്ചി വിങ്ങ് പ്രസിഡന്റ് പ്രഭുവിനെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിരുന്നു. ഇന്ന് കൊച്ചി അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ എത്തിയ മഞ്ഞപ്പട പ്രസിഡന്റ് ഓഡിയോയുടെ ഉറവിടം തങ്ങളുടെ ഗ്രൂപ്പ് ആണെന്ന് സമ്മതിച്ചു. മഞ്ഞപ്പട എക്സിക്യൂട്ടീവ് അംഗമായ ബിച്ചു എന്ന വ്യക്തിയാണ് വിനീതിനെതിരായ ഓഡിയോ മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ പങ്കുവെച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഈ ഓഡിയോ എങ്ങനെയാണ് ഗ്രൂപ്പിന് പുറത്തേക്ക് ചോർന്നത് എന്ന് അറിയില്ല എന്നും പോലീസിനോട് മഞ്ഞപ്പട കൊച്ചി വിങ്ങ് പ്രസിഡന്റ് വ്യക്തമാക്കി.
ബിച്ചു മഞ്ഞപ്പടയുടെ കൊച്ചി എക്സിക്യൂട്ടീവ് ഗ്രൂപ്പിലെ അംഗമാണെന്നും ഈ ഗ്രൂപ്പ് മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ മാത്രമുള്ള ഗ്രൂപ്പ് ആണെന്നും പോലീസിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. നേരത്തെ ആയിരക്കണക്കിന് ഗ്രൂപ്പുകളിൽ ഒന്നാണെന്ന് മാത്രമായിരുന്നു മഞ്ഞപ്പട പറഞ്ഞിരുന്നത്.
സി കെ വിനീതിന്റെ പരാതിയിൽ സ്റ്റേഷനിൽ ഹാജരായവർക്ക് എതിരെ കേസെടുക്കാൻ താല്പര്യമില്ല എന്നും കടുത്ത നടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നും സി കെ വിനീത് പറഞ്ഞതായാണ് ലഭിക്കുന്ന വിവരങ്ങൾ. മഞ്ഞപ്പട അംഗങ്ങൾ തങ്ങളാണ് ഇത് ചെയ്തതെന്നു ഔദ്യോഗികമായി എഴുതി നൽകിയാൽ പരാതി പിൻവലിക്കാം എന്നാണ് സി കെ വിനീത് പോലീസിന് മുന്നിൽ വ്യക്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിനും തമ്മിലുള്ള മത്സരത്തിനിടെ ബോൾ ബോയിയായ ഏഴു വയസ്സുകാരനെ സി കെ വിനീത് അസഭ്യം പറഞ്ഞു എന്ന വ്യാജ ഓഡിയോ ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ മഞ്ഞപ്പട അംഗങ്ങൾ പരത്തിയത്. ഇതിനെ തുടർന്ന് സി കെ വിനീതിനെതിരെ ആരാധകർ തിരിയുകയും താരത്തെ സാമൂഹിക മാധ്യമങ്ങളിൽ വിവിധ തരത്തിൽ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് താരം പരാതിയുമായി പോലീസിന് മുന്നിൽ എത്തിയത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മഞ്ഞപ്പട അംഗങ്ങൾ പ്രചരിപ്പിച്ച ഈ സംഭവം വ്യാജമാണെന്ന് വ്യക്തമായി.
കേസ് അവസാനിപ്പിക്കാൻ ആയി ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏൽക്കുന്ന കുറിപ്പ് മഞ്ഞപ്പട നൽകുമോ എന്ന് വ്യക്തമല്ല. മഞ്ഞപ്പട കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തതിന് ശേഷം മാത്രമെ ഇതിൽ അന്തിമ തീരുമാനം പറയാൻ പറ്റുകയുള്ളൂ എന്നാണ് ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായവർ പറഞ്ഞത്.