…..2021 നവംബർ 26. ഇന്ത്യയിൽ കുറച്ചുപേർ പതിവില്ലാതെ രാവിലെ ആറുമണിക്ക് എണീറ്റു. ഫുട്ബോളിലെ ലോകശക്തികളായ ബ്രസീലിനോട് ഇന്ത്യൻ വനിതാ ടീം ഏറ്റുമുട്ടുന്നു എന്നതാണ് വിശേഷം. ഞങ്ങൾ അഞ്ചാറ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ മാത്രമുള്ള ഒരു വാട്സ്ആപ് ഗ്രൂപ്പിലെ അംഗങ്ങളും ആ ആറുമണിക്കാരിൽ പെടും. ബ്രസീലിലെ മനാസുവിലെ അരീന ഡെ ആമസോണിയയിൽ, ഇന്ത്യൻ സമയം രാവിലെ 6.30 ന് പന്തുരുണ്ടുതുടങ്ങി. ആദ്യമിനിറ്റിൽ തന്നെ ഡെബീഞ്ഞയിലൂടെ കാനറികൾ ഇന്ത്യൻ വലയിൽ പന്തെത്തിച്ചു. വാട്‌സ്ആപ് ഗ്രൂപ്പിൽ ഒരു മെമ്പറുടെ മെസേജ്: “ഇപ്പോഴേ തുടങ്ങി. ഇനി എത്രയെണ്ണം കിട്ടുമോ ആവോ”. സംശയം ന്യായമായിരുന്നു. പന്ത് ബ്രസീലിന്റെ കാലുകളിലാണ്. അവരുടെ ഇതിഹാസതാരം ഫോർമിഗയുടെ വിരമിക്കൽ മത്സരം കൂടിയാണിത്. മാർത്ത വിയേര കളിക്കാൻ ഇറങ്ങിയില്ലെങ്കിലും, ഫിഫ റാങ്കിങ്ങിൽ ഏഴാമത് നിൽക്കുന്ന കാനറിക്കിളികൾക്ക് ഇന്ത്യ ഒരു വിഷയമേയല്ല…..
പതിമൂന്ന് വയസ്സ് വരെ സ്‌കൂളിലെ അത്‌ലറ്റിക്‌സ് താരമായിരുന്നു മനീഷ കല്യാൺ. കോച്ചിന്റെ നിർദേശമനുസരിച്ചാണ് അവൾ ഫുട്ബോളിൽ ഒരുകൈ പരീക്ഷിക്കുന്നത്. ടീമിനം ആയത് കൊണ്ടുതന്നെ ഫുട്ബോൾ മനീഷയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. പഞ്ചാബിലെ ഹോഷിയാർപൂരിലെ സ്‌കൂളിൽ വെച്ച് പതിമൂന്നുകാരിയായ കുട്ടി കാലിൽ പന്തുചേർക്കുമ്പോൾ, നാന്ദി കുറിക്കുന്നത് അഭിമാനകരമായ ഒരു ചരിത്രത്തിനാണ് എന്ന് അന്നാരും ചിന്തിച്ചുകാണില്ല.
തമിഴ്‌നാട്ടിലെ സേതു മധുരൈ എഫ്‌സിയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന മനീഷ, പതിനഞ്ചാം വയസ്സിൽ ദേശീയ അണ്ടർ 17 ടീമിൽ ഇടംപിടിച്ചു. 2018 ലെ അണ്ടർ 17 ബ്രിക്‌സ് ടൂർണമെന്റിൽ ചൈനക്കെതിരെ ഗോളടിച്ച് തന്റെ വഴി ഫുട്ബോൾ തന്നെയാണെന്ന് മനീഷ അടിവരയിട്ടു. ശേഷം അണ്ടർ 19 ടീമിലേക്ക് പ്രമോഷൻ നേടിയ താരം അവിടെയും മിന്നുംനേട്ടങ്ങൾ കൈപ്പിടിയിലാക്കി. എഎഫ്സി അണ്ടർ 19 ചാമ്പ്യൻഷിപ്പിന്റെ യോഗ്യത റൗണ്ടിൽ ഇന്ത്യ തായ്ലന്റിനെതിരെ ജയം നേടിയപ്പോൾ, ഗ്രെയ്‌സ് നേടിയ വിജയഗോളിന് പിറകിലെ ക്രോസ് മനീഷയുടേതായിരുന്നു. അതേ ടൂർണമെന്റിൽ പാകിസ്താനെതിരെ ഇന്ത്യ 18-0 ന്റെ കൂറ്റൻ ജയം നേടിയപ്പോൾ മനീഷയുടെ പേരിൽ ഹാട്രിക് നേട്ടവും പിറന്നു.
ഇന്ത്യൻ വനിതാലീഗിന്റെ കന്നി സീസണിൽ സേതു എഫ്‌സിക്കായി മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടുമ്പോൾ മനീഷയ്ക്ക് പ്രായം പതിനാറ് മാത്രം. ആ പ്രകടനമികവിൽ താരം തള്ളിത്തുറന്നത് വനിതാലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയുടെ മുന്നേറ്റനിരയിലേക്കുള്ള വാതിലും. തൊട്ടടുത്ത സീസണിൽ ഗോകുലത്തിനായി ആറ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മനീഷ കണ്ടെത്തി, ഒപ്പം ബാലദേവിയെ പോലുള്ള അതികായർ അണിനിരക്കുന്ന ദേശീയ സീനിയർ ടീമിലേക്കുള്ള ഇടവും. ആ സീസണിൽ വിമൻസ് ലീഗിലെ എമർജിങ് പ്ലെയറും മറ്റാരുമായിരുന്നില്ല. അങ്ങനെ തന്റെ പതിനേഴാം വയസ്സിൽ, ദേശീയ സീനിയർ ടീമിന്റെ നീലക്കുപ്പായത്തിൽ ഹോങ്കോങ്ങിനെതിരെ മനീഷ അവതരിച്ചു.
2021ൽ ആദ്യമായി ഒരു ഇന്ത്യൻ ക്ലബ്-ഗോകുലം കേരള എഫ്‌സി എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. അമ്മാൻ (ജോർദാൻ), ഷാർദാരി സിർജാൻ (ഇറാൻ) എന്നീ ടീമുകളോട് തോൽവിയറിഞ്ഞ മലബാറിയൻസിന് അവസാന മത്സരത്തിൽ ഉസ്ബെക് ക്ലബ് എഫ്‌സി ബുന്യോദ്കർ ആയിരുന്നു എതിരാളികൾ. മത്സരത്തിന്റെ 62ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച മനീഷ, ഗോകുലത്തിനൊപ്പം ചരിത്രത്തിലേക്ക് നടന്നുകയറി. എഎഫ്സി ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം. മത്സരം 3-1 ന് ഗോകുലം വനിതകൾ ജയിച്ചതും അഭിമാനചരിതമായി.
ദേശീയ സീനിയർ ടീമിനായി 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ മനീഷ നേടിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഇന്ത്യൻ വിമൻസ് ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് താരം നേടിയത് 14 ഗോളുകൾ! ഇരുപതാം വയസ്സിൽ അറ്റാക്കിങ് മിഡ്ഫീൽഡർ/ഫോർവേഡ് റോളിൽ കത്തിനിൽക്കുന്ന ഈ പഞ്ചാബുകാരി ഇനി യൂറോപ്പിലാണ് പന്തുതട്ടുക; സൈപ്രസ് ചാമ്പ്യൻസ് ആയ അപ്പോളോൺ ലേഡീസ് ക്ലബിൽ. ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബാണ് ഇവരെന്നു കൂടി അറിയുമ്പോഴാണ് മനീഷ വെട്ടിപ്പിടിച്ച ഉയരം ശരിക്കും മനസ്സിലാവുക! ബാലദേവിയോ ബെംബെം ദേവിയോ എത്തിയിട്ടില്ലാത്ത ഉയരം. ഛേത്രിയോ വിജയനോ ബൂട്ടിയയോ ഇന്ത്യക്കാരായ മറ്റാരെങ്കിലുമോ സ്വപ്നം കണ്ടിട്ടില്ലാത്ത ഔന്നത്യം! ഒരു ഇതിഹാസതുല്യയാവാനുള്ള നേട്ടങ്ങളൊക്കെയും ഈ ചെറുപ്രായത്തിനിടയിൽ തന്നെ മനീഷ നേടിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ഉത്പാദിപ്പിച്ച എക്കാലത്തെയും മികച്ച ഫുട്ബോൾ പ്രതിഭകളിലൊരാൾ എന്ന് നിസ്സംശയം പറയാം. എതിർ ടീം താരങ്ങൾ പോയിട്ട്, ക്യാമറക്ക് പോലും പിടികൊടുക്കാതെ, വശങ്ങളിലൂടെ റോക്കറ്റ് എൻജിനെ അനുസ്മരിപ്പിക്കുംവിധം സ്വയം ജ്വലിപ്പിച്ചുകൊണ്ട് മുന്നേറുന്ന മനീഷയ്ക്ക് മുന്നിലിനിയും അനന്തസാധ്യതകളുണ്ട്; പ്രായത്തിന്റെ ആനുകൂല്യവും.
…..മത്സരം എട്ടാം മിനിറ്റിലേക്ക് കടന്നിരിക്കുന്നു. സ്‌കോർ ബ്രസീൽ 1-0 ഇന്ത്യ. ഇരമ്പിയാർത്തുവരുന്ന ബ്രസീലിയൻ ആക്രമണനിര. ഇന്ത്യൻ ബോക്‌സ് ലക്ഷ്യമാക്കിവന്ന ക്രോസ് ഗോൾകീപ്പർ അദിതി ചൗഹാൻ കുത്തിയകറ്റി. ബോൾ പിടിച്ചെടുത്ത് യുംനം കമലദേവി ഒരു പ്രത്യാക്രമണത്തിന് തുടക്കമിട്ടു. മുന്നിലേക്ക് നൽകിയ പന്ത് പ്യാരി സാക്സ തലകൊണ്ട് ഇടതുവിങ്ങിലേക്ക് മറിച്ചുനൽകി. പന്ത് സ്വീകരിച്ച് മനീഷ മിന്നൽവേഗത്തിൽ ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചു. താരനിബിഡമായ ബ്രസീലിയൻ പ്രതിരോധത്തെയും ഗോൾകീപ്പറെയും കാവൽക്കാരാക്കി മനീഷ തൊടുത്തുവിട്ട പന്ത് ഗോൾപോസ്റ്റിന്റെ വലത്തേമൂലയിലേക്ക് ഉരുണ്ടുകയറി. ആമസോണിയ അവിശ്വസനീയതയാൽ മൗനം പുതച്ചപ്പോൾ ഇന്ത്യയുടെ പെൺകടുവകൾ മൈതാനത്ത് നിർവൃതിയുടെ നൃത്തം വച്ചു. ബ്രസീലിനെതിരിൽ നമ്മൾ സമനിലഗോൾ നേടിയിരിക്കുന്നു! അതിനുശേഷം ബ്രസീൽ ഒരു ഗോൾ കൂടെ നേടി ഹാഫ് ടൈമിൽ 2-1 ന് പിരിഞ്ഞു, മത്സരം പൂർത്തിയാവുമ്പോൾ സ്കോർ 6-1. ഇതൊന്നും മനീഷ നേടിയ ഗോളിന്റെ മാറ്റ് കുറക്കുന്നില്ല. ഫിഫ വിമൺസ് റാങ്കിങ്ങിൽ ഏഴാമത് ഉള്ള ബ്രസീലിനെതിരെ ഒരു ഇരുപതുകാരി ഇന്ത്യക്കാരി നേടിയ ഗോൾ നക്ഷത്രശോഭയോടെ മത്സരഫലത്തിനും മീതെ തിളങ്ങിനിൽക്കുന്നു. ഇന്ത്യക്കെതിരെ എങ്ങനെ ആറ് ഗോളുകൾ നേടി എന്ന് എന്തായാലും ബ്രസീലിൽ ചർച്ച വരാൻ സാധ്യതയില്ല. എങ്ങനെ ഇന്ത്യ ഒരു ഗോൾ മടക്കി എന്ന് തന്നെയാവും അവരുടെ സമസ്യ; അതിന്റെ ഉത്തരമാണ് മനീഷ കല്യാൺ.
ലോക ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ പന്ത് തട്ടാനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മാണിക്യക്കല്ലിന് ഹൃദയാഭിവാദനം!