അവിശ്വസനീയ തിരിച്ചുവരവുമായി മണിക, മൂന്നാം റൗണ്ടിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഉക്രൈന്റെ മാര്‍ഗറിറ്റ പെസോറ്റ്സകയോട് ആദ്യ രണ്ട് ഗെയിമുകളും കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മണിക ബത്ര. ലോക റാങ്കിംഗിൽ 32ാം നമ്പറും ഒളിമ്പിക്സിലെ 20ാം സീഡുമായിരുന്നു ഉക്രൈന്‍ താരം. മണികയുടെ റാങ്ക് 62 ആണ്.

ആദ്യ സെറ്റിൽ ഉക്രൈയിന്‍ താരത്തോട് പിന്നിൽ പോയ മണിക വലിയ മാര്‍ജിനിലാണ് പരാജയം ഏറ്റുവാങ്ങിയത്. 4-11ന് ആണ് ആദ്യ ഗെയിം മാര്‍ഗറിറ്റ പെസോറ്റ്സ്ക നേടിയത്. രണ്ടാം ഗെയിമിലും ഉക്രൈയിന്‍ താരം അതേ മാര്‍ജിനിൽ വിജയിക്കുകയായിരുന്നു.

മൂന്നാം ഗെയിമിൽ ആണ് മണിക തന്റെ മികവ് പുറത്തെടുക്കുന്നത് കാണാനായത്. നാല് ഗെയിം പോയിന്റ് നേടിയ താരം ഒടുവിൽ ഗെയിം 11-7ന് സ്വന്തമാക്കി. നാലാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുകയായിരുന്നു. സ്കോര്‍ 9-9ൽ നില്‍ക്കവേ മികച്ചൊരു റാലിയ്ക്ക് ശേഷം മണിക ഗെയിം പോയിന്റ് സ്വന്തമാക്കിയെങ്കിലും ഒരു പിഴവ് വരുത്തിയത് മുതലാക്കി സെറ്റ് ഡ്യൂസിലേക്ക് പോയി. അടുത്ത രണ്ട് പോയിന്റിലും മാര്‍ഗറിറ്റ പിഴവ് വരുത്തിയപ്പോള്‍ മത്സരം 2-2 എന്ന സ്കോറിലേക്ക് എത്തി.

അഞ്ചാം ഗെയിമിൽ 5-8ന് പിന്നിൽ പോയ മണിക 8-8ന് ഒപ്പമെത്തിയെങ്കിലും അടുത്ത മൂന്ന് പോയിന്റും നഷ്ടപ്പെടുത്തി ആനുകൂല്യം കളയുകയായിരുന്നു. ഗെയിം 11-8ന് പെസോറ്റ്സ്ക നേടി. ആറാം ഗെയിമിലും ഉക്രൈന്‍ താരം തുടക്കത്തിലെ ലീഡ് നേടി. 2-5ന് പിന്നിൽ പോയ ശേഷം തുടരെ എട്ട് പോയിന്റ് നേടി മണിക ഗെയിം പോയിന്റിലേക്ക് എത്തുന്നതാണ് കണ്ടത്. ഗെയിം സ്വന്തമാക്കി മണിക മത്സരം നിര്‍ണ്ണായക ഗെയിമിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ഏഴാം ഗെയിമിൽ 5-2ന്റെ ലീഡ് മണിക നേടുകയായിരുന്നു. ആധിപത്യം തുടര്‍ന്ന മണിക ബത്ര ഉക്രൈന്‍ താരത്തിൽ നിന്ന് തുടരെ വിഴവുകള്‍ വരുത്തി 9-3ന്റെ ലീഡ് നേടി. അഞ്ച് മാച്ച് പോയിന്റുകള്‍ മണിക നേടിയെങ്കിലും രണ്ടെണ്ണം ഉക്രൈന്‍ താരം രക്ഷപ്പെടുത്തിയെങ്കിലും അടുത്ത പോയിന്റ് ഒരു തകര്‍പ്പന്‍ സ്മാഷിൽ സ്വന്തമാക്കി മണിക മൂന്നാം റൗണ്ടിൽ കടന്നു.