ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരവങ്ങൾക്ക് ഗംഭീരമായ തുടക്കം. ഇന്ന് കമ്മ്യൂണിറ്റി ഷീൽഡിനായി നടന്ന പോരിൽ വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി സീസണിലെ ആദ്യ കിരീടം സ്വന്തമാക്കി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു കളിയുടെ സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4നാണ് സിറ്റി വിജയിച്ചത്.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഇന്ന് മികച്ച രീതിയിൽ മത്സരം ആരംഭിച്ചത്. തുടർ ആക്രമണങ്ങളുമായി തുടങ്ങിയ സിറ്റിക്ക് 12 ആം മിനുട്ടിൽ സ്റ്റെർലിംഗ് ആണ് ലീഡ് നൽകിയത്. ഡേവിഡ് സിൽവയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതിയിൽ സിറ്റി തന്നെ മികച്ചു നിന്നു. പക്ഷെ രണ്ടാം പകുതിയിൽ ലിവർപൂൾ കളിയിലേക്ക് തിരികെ വന്നു.
രണ്ടാം പകുതിയിൽ കളി നിയന്ത്രിച്ചത് ലിവർപൂൾ തന്നെ ആയിരുന്നു. സലായിലൂടെ നിരവധി തവണ ലിവർപൂൾ ഗോളിന് അടുത്ത് എത്തുകയും ചെയ്തു. അവസാനം 77ആം മിനുട്ടിൽ ഡിഫൻഡറായ മാറ്റിപിലൂടെ ആണ് ലിവർപൂൾ സമനില നേടിയത്. വാൻ ഡൈകിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മാറ്റിപിന്റെ ഗോൾ. അതിനു ശേഷവും ആക്രമണം തുടർന്ന് ലിവർപൂളിന് ഇഞ്ച്വറി ടൈമിൽ ഒരു സുവർണ്ണാവസരം തന്നെ ലഭിച്ചു. സലായ്ക്ക് ലഭിച്ച അവസരം പക്ഷെ ഗോളായില്ല. ഗോൾ ലൈനിൽ വെച്ച് അത്ഭുതകരമായി വാൽക്കർ സിറ്റിയെ രക്ഷിച്ചു.
പിന്നീട് പെനാൾട്ടിയിലേക്ക് എത്തിയ മത്സരം ബ്രാവോയുടെ മികവിൽ സിറ്റി സ്വന്തമാക്കുകയായിരുന്നു. ലിവർപൂളിനായി കിക്ക് എടുത്ത വൈനാൾഡത്തിന് ആണ് പിഴച്ചത്. കഴിഞ്ഞ വർഷവും സിറ്റി ആയിരുന്നു കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടിയത്.