മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര എത്ര മോശമാണെന്ന് മൈക്കിൾ കാരിക്ക് വിരമിച്ചത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാണുന്നതാണ്. ഈ സീസണിലും ഇതുവരെ അതിനു പരിഹാരമായിട്ടില്ല. ബ്രൈറ്റൺ എതിരായ ആദ്യ മത്സരത്തിൽ മക്ടോമിനയും ഫ്രെഡും മിഡ്ഫീൽഡിൽ ഉള്ളപ്പോൾ കളിച്ചതിനേക്കാൾ നന്നായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരങ്ങൾ ഒന്നുമില്ലാതെ രണ്ടാം പകുതിയുടെ അവസാനം കളിച്ചത്. അത് മക്ടോമിനയും ഫ്രെഡും എന്ത് മോശമാണെന്നതിന്റെ തെളിവാണ്.
മിഡ്ഫീൽഡിൽ ഒരു താരം അതും ഹോൾഡിംഗ് മിഡ്ഫീൽഡർ അതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ ഡിയോങ്ങ് യുണൈറ്റഡിൽ വരാൻ തയ്യാറാകാത്തതോടെ ആ ശ്രമം പാളി. പിന്നെ ഏതെങ്കിലും ഒരു മിഡ്ഫീൽഡർ എന്നായി. ആരു വന്നാലും മക്ഫ്രെഡിനേക്കാൾ ഭേദമാകും എന്ന് മാനേജ്മെന്റിന് തോന്നിക്കാണും. അതാണ് യുണൈറ്റഡ് യുവന്റസ് താരം റാബിയോയെ സ്വന്തമാക്കാൻ ശ്രമിക്കാൻ കാരണം. ആ ശ്രമം ഏതാണ്ട് വിജയിക്കുകയാണ്.
റാബിയോ അത്ര മികച്ച താരമാണോ? അതറിയാൻ ഇറ്റാലിയൻ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. അവർ റിപ്പോർട്ട് ചെയ്യുന്നത് യുവന്റസ് ആരാധകരും ബോർഡും എല്ലാം റാബിയോ ക്ലബ് വിടുന്നത് ആഘോഷിക്കുക ആണെന്നാണ്. അതിനർത്ഥം മക്ഫ്രെഡിനെക്കാൾ വലി മെച്ചമൊന്നും അല്ല റാബിയോ എന്നാണ്. ഇതും പരിഹാരം അല്ലെങ്കിൽ പിന്നെ എന്താണ്?
മിലിങ്കോവിച് സാവിച് എന്ന നാമമാണ് ഈ ചോദ്യത്തിന് ഉത്തരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പറയുന്നത്. ലാസിയോ മധ്യനിരയിലെ പ്രധാനി. ഡിഫൻസ് ആയാലും അറ്റാക്ക് ആയാലും മിലിങ്കോ സാവിചിന് ഒരുപോലാണ്. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ കളിച്ച 10നു മുകളിൽ അസിസ്റ്റും 10നു മുകളിൽ ഗോളുകളും നേടിയ താരം. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗിലെ വേറെ ഒരു സി എമ്മിനും അവസാന സീസണിൽ ഈ നേട്ടമില്ല. പക്ഷെ സാവിച് വരുമോ?
സാവിച് ക്ലബ് വിടാൻ ഏറെ കാലമായി ശ്രമിക്കുന്നുണ്ട്. പക്ഷെ ലാസിയോ ചോദിക്കുന്ന തുക വളരെ വലുതായത് കൊണ്ട് താരത്തെ സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല എന്നതാണ് സത്യം. യുണൈറ്റഡ് ആ തുക നൽകാൻ തയ്യാറായാൽ 27കാരൻ മാഞ്ചസ്റ്ററിൽ എത്തും. അവസാന 7 വർഷമായി സാവിച് ലാസിയോക്ക് ഒപ്പം ഉണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ ഇപ്പോഴും ആരാധകരുടെ ഒരു സ്വപ്നം മാത്രമാണ്. ക്ലബ് ഔദ്യോഗികമായി ഒരു നീക്കവും സവിചിനായി നടത്തിയിട്ടില്ല.
പിന്നെ യുണൈറ്റഡിന്റെ കയ്യിലുള്ള ആയുധങ്ങൾ ഗാർനർ, ഇക്ബാൽ സിദാൻ, സാവേജ് എന്നീ യുവതാരങ്ങൾ ആണ്. ഇതിൽ ഗാർനറിന് അവസരങ്ങൾ നൽകാൻ ടെൻ ഹാഗ് തയ്യാറായേക്കും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ ലോണിൽ കളിച്ച ഗാർനർ അവിടെ അത്ഭുതങ്ങൾ കാണിച്ചിരുന്നു. പരിക്ക് കാരണം പ്രീസീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായത് ഗാർനറിന് തിരിച്ചടിയാണ്. ടെൻ ഹാഗിനെ ഇമ്പ്രസ് ചെയ്യാനുള്ള അവസരം ആണ് പരിക്ക് കാരണം ഗാർനറിന് നഷ്ടമായത്. എന്തായാലും ഗാർനർ മക്ഫ്രെഡിനെക്കാൾ ഭേദമാകും എന്ന് അദ്ദേഹത്തിന്റെ ഫോറസ്റ്റിനായുള്ള കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ ഉറപ്പ് തരുന്നു.
ഇഖ്ബാലും സാവേജും യുണൈറ്റഡ് മധ്യനിരയിൽ എത്താൻ ഇനിയും സമയം എടുക്കും. ഇപ്പോൾ അവരെ ഈ വലിയ ലീഗിലേക്ക് എറിയുന്നത് അവരുടെ ഭാവിയെയും ബാധിച്ചേക്കും. ചുരുക്കി പറഞ്ഞാൽ മധ്യനിരയിലേക്ക് നല്ല താരങ്ങളെ പെട്ടെന്ന് എത്തിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതും മറ്റൊരു ദുരിത സീസണായി മറക്കേണ്ടി വരും.
Story Highlight: Manchester United struggling to fix their midfield ever since carrick retired