ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് സതാമ്പ്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏക ഗോളിനാണ് വിജയിച്ചത്. നീണ്ട കാലത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു എവേ മത്സരം വിജയിക്കുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിന് ഉണ്ട്.
ഇന്നും യുണൈറ്റഡ് റൊണാൾഡോയെയും മഗ്വയറിനെയും ബെഞ്ചിൽ ഇരുത്തി ആണ് കളി ആരംഭിച്ചത്. സമീപ കാലത്തെ എവേ പ്രകടനങ്ങളിൽ നിന്ന് ഏറെ മെച്ചപ്പെട്ട ഒരു പ്രകടനമാണ് ഇന്ന് സതാമ്പ്ടന്റെ മോശം പിച്ചിൽ കണ്ടത്. ആദ്യ പകുതിയിൽ അധികം അവസരങ്ങൾ വന്നില്ല എങ്കിലും യുണൈറ്റഡ് കളി നിയന്ത്രിച്ചു. 20ആം മുനുട്ടിൽ ഒരു സേവും രണ്ട് ബ്ലോക്കും വേണ്ടി വന്നു സതാമ്പ്ടണ് യുണൈറ്റഡിനെ ആദ്യ ഗോളിൽ നിന്ന് തടയാൻ.
ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചത് കൊണ്ട് രണ്ടാം പകുതിയിൽ യുണൈറ്റഡ് അറ്റാക്കിന്റെ വേഗത കൂട്ടി. 48ആം മിനുട്ടിലെ മക്ടോമിനയുടെ ഷോട്ട് ബസുനു തടഞ്ഞു. 55ആം മിനുട്ടിൽ ഒരു പോർച്ചുഗീസ് കൂട്ടുകെട്ടാണ് യുണൈറ്റഡിന് ആദ്യ ഗോൾ നൽകിയത്. റൈറ്റ് ബാക്കായ ഡാലോട്ട് നൽകിയ പാസ് മനോഹരമായി ഫസ്റ്റ് ടച്ച് സ്ട്രൈക്കിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് വലയിൽ എത്തിച്ചു.
ഈ ഗോളിന് ശേഷം സതാമ്പ്ടന്റെ അറ്റാക്കുകൾ വന്നു. 66ആം മിനുട്ടിൽ ഡി ഹിയയുടെ ഒരു വലിയ സേവ് യുണൈറ്റഡിനെ ലീഡ് തന്നെ നിർത്തി. മത്സരത്തിന്റെ 80ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കസെമിറോയെ കളത്തിൽ ഇറക്കി. ബ്രസീലിയൻ താരത്തിന്റെ യുണൈറ്റഡ് ജേഴ്സിയിലെ ആദ്യ മത്സരമായി ഇത്.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് യുണൈറ്റഡ് തുടർച്ചയായി രണ്ട് മത്സരങ്ങൾ പ്രീമിയർ ലീഗിൽ വിജയിക്കുന്നത്. നാലു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് ഉള്ളത്.