വീണ്ടും നാണം കെട്ട് മൗറീനോയുടെ ചെമ്പട, മാഞ്ചസ്റ്റർ യുണൈറ്റഡ് തകരുന്നു!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തോൽവികൾ ഏറ്റുവാങ്ങി മടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് വെസ്റ്റ് ഹാമിനെതിരെയും ദയനീയ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്ന യുണൈറ്റഡ് നിറയെ മാറ്റങ്ങളുമായായിരുന്നു ഇന്ന് ഇറങ്ങിയത്. എന്നാൽ ആ മാറ്റങ്ങൾ ടീമിനെ കൂടുതൽ കുഴപ്പങ്ങളിലാണ് എത്തിച്ചത്. വെസ്റ്റ് ഹാം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്.

യുവ മിഡ്ഫീൽഡർ മക്ടോമിനെയെ സെന്റർ ബാക്കിൽ കളിപ്പിച്ചാണ് മാഞ്ചസ്റ്റർ ഇന്ന് ഇറങ്ങിയത്. സാഞ്ചേസ് സ്ക്വാഡിലെ ഇന്ന് ഇടം പിടിച്ചില്ല. തുടക്കത്തിലെ ഡിഫൻസീവ് ടാക്ടിക്സ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറാം മിനുട്ടിൽ തന്നെ വെസ്റ്റ് ഹാം പണി കൊടുത്തു. ഫിലിപ്പെ ആൻഡേഴ്സന്റെ ഒരു ബാക്ക് ഹീൽ ഫിനിഷിലൂടെ ആയിരുന്നു വെസ്റ്റ് ഹാം മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ തന്നെ ലിൻഡെലോഫിന്റെ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് പിറകിലായി.

ആദ്യ പകുതിക്ക് ശേഷവും കാര്യമായ മാറ്റമൊന്നും കളിയിൽ ഇല്ലാതിരുന്നതിനാൽ പോഗ്ബയെ മൗറീനോ പിൻ വലിക്കുകയും ചെയ്തു. പോഗ്ബ മൗറീനോ പ്രശനങ്ങൾ യുണൈറ്റഡിൽ തുടരുന്നതിനിടെ ആണ് ഈ സബ്സ്റ്റുട്യൂഷൻ. റാഷ്ഫോർഡിലൂടെ ഒരു ഗോൾ യുണൈറ്റഡ് മടക്കിയിരുന്നു എങ്കിലും അതുകൊണ്ടും കാര്യമായില്ല.

യുണൈറ്റഡ് ഗോളിന് പിറകിൽ തന്നെ അർണോട്ടോവിചിലൂടെ വെസ്റ്റ് ഹാം മൂന്നാം ഗോളും നേടി മൂന്ന് പോയന്റ് ഉറപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഇത്. യുണൈറ്റഡ് ലീഗിൽ ഏഴ് മത്സരങ്ങളിൽ വെറും മൂന്ന് മത്സരങ്ങളാണ് വിജയിച്ചത്.