ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഡ്രോ കഴിഞ്ഞപ്പോൾ ഏറ്റവും ആവേശത്തോടെ ആരാധകർ ഉറ്റുനോക്കുന്ന മത്സരം പി എസ് ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടക്കുന്നത് ആകും. മാഞ്ചസ്റ്ററിന്റെ ഫോം അത്ര നല്ലതല്ല എങ്കിലും ഈ ഫിക്സ്ചറിന് വലിയ പ്രാധാന്യം തന്നെ കൊടുക്കേണ്ടതുണ്ട്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ഫേവറിറ്റുകളിൽ ഒന്നാണ്. നെയ്മർ, കവാനി, എമ്പപ്പെ തുടങ്ങി ഏതു ഡിഫൻസിനെയും കീഴടക്കാൻ പറ്റുന്ന ടീമാണ് പി എസ് ജി.
ലിവർപൂളും നാപോളിയും ഉള്ള ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പി എസ് ജി എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര നല്ല സീസണല്ല ഇത്. എങ്കിലും മൗറീനോയുടെ ടീം കപ്പ് പോരാട്ടങ്ങളിൽ കീഴ്പ്പെടുത്താൻ വളരെ പ്രയാസമുള്ള ഒന്നായിരിക്കും. യുവന്റസ് ഈ സീസണിൽ ആകെ പരാജയം അറിഞ്ഞത് യുണൈറ്റഡിനെതിരെ ആയിരുന്നു. പ്രീമിയർ ലീഗിൽ പ്രതീക്ഷയൊന്നും ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ അവർക്ക് ആവുന്നത് മുഴുവൻ നൽകും.
ടീമെന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പി എസ് ജിക്ക് പിറകിലായിരിക്കും എങ്കിലും ക്ലബ് എന്ന നിലയിൽ പി എസ് ജിയേക്കാൾ വലുപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്. അതുകൊണ്ട് തന്നെ ഈ പോരാട്ടത്തിൽ യുണൈറ്റഡിനെ ഒട്ടും കുറച്ചു കാണാൻ പറ്റില്ല.