സാഞ്ചെസിനെയും പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏഴാം നമ്പർ ശാപം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡും ഏഴാം നമ്പറും. അടുത്ത കാലത്ത് ഫുട്ബോളിലെ ഏറ്റവും ദുരിതത്തിലുള്ള കൂട്ടുകെട്ടാണത്. ഏഴാം നമ്പർ ശാപമായി മാറുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൽ അതിന് പുതിയ ഒരു ഉദാഹരണമായി മാറുകയാണ് അലക്സിസ് സാഞ്ചസ്. ആഴ്സണലിൽ പറന്നു കളിച്ചിരുന്ന സാഞ്ചസിന്റെ നിഴൽ പോലും ഇപ്പോൾ യുണൈറ്റഡ് ജേഴ്സിയിൽ കാണാൻ കഴിയില്ല.

ഇത്ര കാലവും മൗറീനോയുടെ കുറവ് കൊണ്ടാണ് സാഞ്ചേസ് കളിക്കാതിരുന്നത് എന്ന് കരുതിയവർക്ക് ഇപ്പോൾ ആ പരാതി തീർന്നു കാണും. ഇന്നലെ നിർണായ മത്സരത്തിൽ 60ആം മിനുട്ടിൽ തന്നെ ഒലെ സാഞ്ചേസിനെ പിൻവലിച്ചത് അദ്ദേഹത്തിന്റെ പ്രകടനം എത്ര മികച്ചതാണെന്ന് സൂചന നൽകുന്നു. സാഞ്ചേസിന്റെ ഈ ഫോമില്ലായ്മ ഏഴാം നമ്പറിന്റെ തലയിൽ ഇടുകയാണ് മാഞ്ചസ്റ്റർ ആരാധകർ.

ഇപ്പോൾ ഈ ദുരിതം ആണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പറിന് പറയാൻ വലിയ ചരിത്രങ്ങൾ തന്നെ പണ്ട് ഉണ്ട്. ജോർജ് ബെസ്റ്റ് മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ അണിഞ്ഞ ജേഴ്സിയാണത്. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ശേഷം ആണ് ഏഴാം നമ്പർ ജേഴ്സിയുടെ വിധി ഇങ്ങനെ ആയത്. ക്രിസ്റ്റ്യാനോക്ക് ശേഷം 7 അണിഞ്ഞവർക്ക് ആർക്കും മാഞ്ചസ്റ്ററിൽ നല്ല കാലമില്ല‌.

റൊണാൾഡോയ്ക്ക് ശേഷം മൈക്കിൾ ഓവനായിരുന്നു ഏഴാം നമ്പറിൽ ഇറങ്ങിയത്. ഓവന്റെ നല്ല കാലം കഴിഞ്ഞ ശേഷമാണ് മാഞ്ചസ്റ്ററിൽ എത്തിയത് എന്നതു കൊണ്ട് തന്നെ ഏഴാം നമ്പറിനു വേണ്ട തിളക്കം ഓവന് അന്ന് മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നില്ല. ഓവനു ശേഷം ഒരു സീസണിൽ അന്റോണിയോ വലൻസിയ ഏഴാം നമ്പർ അണിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം മികച്ച പ്രകടനങ്ങൾ നടത്തി വന്നിരുന്ന വലൻസിയക്ക് ഏഴാം നമ്പർ ജേഴ്സിയുടെ ഭാരം വന്നതോടെ കാലിടറി. വലൻസിയയുടെ കരിയറിലെ ഏറ്റവും മോശം സീസണായി ആ സീസൺ അവസാനിച്ചു. അവസാനം ആ‌ സീസണ് ഒടുവിൽ വലൻസിയ ഏഴാം നമ്പർ ജേഴ്സി ക്ലബിന് മടക്കി കൊടുത്തു.

വലൻസിയയ്ക്കു ശേഷം ഏഴാം നമ്പർ അണിയാൻ എത്തിയത് മാഞ്ചസ്റ്ററിന്റെ വൻ സൈനിംഗ് ആയ അർജന്റീന താരം ഡി മറിയ ആയിരുന്നു. ഡി മറിയ വന്നതോടെ ഏഴാം നമ്പറിന്റെ പ്രൗഡി തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ച യുണൈറ്റഡ് ആരാധകർക്ക് തെറ്റി. മാഞ്ചസ്റ്റർ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോപ്പ് സൈനിംഗുകളിൽ ഒന്നായി ഡി മറിയയും ക്ലബ് വിട്ടു.

മെംഫിസ് ഡിപായ് എന്ന യുവ ഡച്ച് താരത്തിനാണ് പിന്നീട് ഏഴാം നമ്പർ ലഭിച്ചത്. മികച്ച പൊട്ടൻഷൻ ഉള്ള ഡിപായ്ക്കും വലിയ ഭാവി യുണൈറ്റഡിൽ ഫുട്ബോൾ നിരീക്ഷകർ പ്രവചിച്ചതായിരുന്നു എന്നാൽ ഡിപായും ഏഴാം നമ്പറിൽ പരാജയപ്പെട്ടു. ഡിപായ്ക്കു ശേഷം ഏഴാം നമ്പർ ആർക്കും യുണൈറ്റഡ് നൽകിയില്ല.

അലക്സിസ് സാഞ്ചസിന് ഏഴാം നമ്പർ നൽകിയപ്പോൾ ഏഴിന്റെ നല്ല കാലം തിരിച്ചുവരുമെന്ന് കരുതിയ മാഞ്ചസ്റ്റർ ആരാധകർ ആ പ്രതീക്ഷ ഇപ്പോൾ കൈവിട്ടിരിക്കുകയാണ്. റൊണാൾഡോയ്ക്ക് മുന്നേ ഏഴാം നമ്പർ അണിഞ്ഞത് ബെക്കാമും അതിനു മുന്നേ അണിഞ്ഞത് കാന്റോണയും ആയിരുന്നു. ആ ഇതിഹാസങ്ങളുടെ പ്രകടനങ്ങൾ ആവർത്തിക്കാൻ ഇനി ആർക്കേലും ഏഴാം നമ്പറിൽ കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നില്ല.