മെസ്സിക്കും സംഘത്തിനും ഒപ്പം പിടിച്ചു നിൽക്കാനുള്ള കളി പുറത്തെടുത്തു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പരാജയം. കളിയുടെ തുടക്കത്തിൽ തന്നെ വഴങ്ങിയ സെൽഫ് ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ചരിത്രത്തിൽ ആദ്യമായാണ് ബാഴ്സലോണ വിജയിക്കുന്നത്.
കളിയുടെ തുടക്കത്തിൽ ഗംഭീരമായാണ് ബാഴ്സലോണ തുടങ്ങിയത്. പന്ത് തൊടാൻ വരെ കഴിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടപെട്ടു. കളിയുടെ 13ആം മിനുട്ടിൽ ആയിരുന്നു ബാഴ്സലോണയുടെ ഗോൾ വന്നത്. ലയണൽ മെസ്സിയാണ് ആ ഗോൾ അവസരം ഒരുക്കിയത്. ബോക്സിനകത്ത് വെച്ച് ഒരു ക്രോസിലൂടെ സുവാരസിനെ കണ്ടെത്താൻ മെസ്സിക്കായി. സുവാരസിന്റെ ഹെഡർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലൂക് ഷോ വലയിലേക്ക് തിരിച്ചുവിട്ടു. ആ ഗോൾ ആദ്യം റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിച്ചു.
ആ ഗോളിന് ശേഷം മാഞ്ചസ്റ്റർ ഗംഭീര പ്രകടനം തന്നെ നടത്തി. മക്ടോമിനെയും ഫ്രെഡും അണിനിരന്ന മധ്യനിര ഹൈ പ്രസിങ്ങിലൂടെ ബാഴ്സലോണയെ പ്രതിരോധത്തിലാക്കി. കളിയിൽ കൂടുതൽ അറ്റാക്കിങ് നടത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെങ്കിലും ഒന്ന് ടെർസ്റ്റെഗനെ പരീക്ഷിക്കാനുള്ള അവസരമായി ഒന്നും മാറിയില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ റാഷ്ഫോർഡ്, ആഷ്ലി യങ് എന്നിവർ നടത്തിയ ദയനീയ പ്രകടനങ്ങൾ പലപ്പോഴും മികച്ചു നിന്ന യുണൈറ്റഡിന്റെ താളം തെറ്റിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ മാർഷ്യലിനെയും ലിങാർഡിനെയും ഒക്കെ ഇറക്കി എങ്കിലും യുണൈറ്റഡിന് സമനില ഗോൾ പോലും കണ്ടെത്താൻ ആയില്ല. അവസാന അഞ്ചു മത്സരങ്ങൾക്കിടയിൽ യുണൈറ്റഡിന്റെ നാലാം പരാജയമാണിത്.