ബയേണു മേൽ തീയായി മാഞ്ചസ്റ്റർ സിറ്റി, സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് അരികിൽ

Wasim Akram

ഹാളണ്ട്
Download the Fanport app now!
Appstore Badge
Google Play Badge 1

യുഫേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണികിന് മേൽ വമ്പൻ ജയം നേടി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് പെപ് ഗാർഡിയോളയുടെ ടീം ജയിച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റതിന് തോമസ് ടൂഹലിന് എതിരെ ഗാർഡിയോളയുടെ പ്രതികാരം കൂടിയായി ഈ ജയം. എല്ലാ തലത്തിലും മികച്ച ഒരു പോരാട്ടം ആണ് മത്സരത്തിൽ കണ്ടത്. മികച്ച രീതിയിൽ ആണ് സിറ്റി മത്സരം തുടങ്ങിയത്, ഇടക്ക് കിട്ടിയ അവസരങ്ങളിൽ ബയേണും അപകടകാരികൾ ആയി. ഇടക്ക് സൊമ്മറിന്റെ പിഴവ് സിറ്റിക്ക് അവസരം നൽകിയപ്പോൾ പിന്നീട് ഹാളണ്ടിന്റെ ഷോട്ട് സൊമ്മർ തടഞ്ഞു. ഇടക്ക് മുസിയാലയുടെ ശ്രമം ബ്ലോക്ക് ചെയ്ത റൂബൻ ഡിയാസ് സിറ്റി വല കുലുങ്ങുന്നതും തടഞ്ഞു. 27 മത്തെ മിനിറ്റിൽ സിറ്റി അർഹിച്ച ഗോൾ പിറന്നു. 30 വാര അകലെ നിന്നു സിൽവയുടെ പാസിൽ നിന്നു റോഡ്രിയുടെ ലോകോത്തര ഇടത് കാലൻ അടി ബയേണിന്റെ വലയിൽ പതിച്ചു.

മാഞ്ചസ്റ്റർ സിറ്റി

തന്റെ സിറ്റിക്ക് ആയുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ അതുഗ്രൻ ഷോട്ടിലൂടെ സ്പാനിഷ് താരം നേടുക ആയിരുന്നു. ഇടക്ക് ഡി ബ്രുയ്ന്റെ ക്രോസ് തെറ്റായി കണക്ക് കൂട്ടിയ ഉപമകാനോക്ക് പിഴച്ചപ്പോൾ ലഭിച്ച അവസരത്തിൽ ഗുണ്ടോഗന്റെ ഷോട്ട് നിലത്ത് കിടന്നു ആണ് സൊമ്മർ രക്ഷിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ മുൻതൂക്കം സിറ്റി നേടിയെങ്കിലും ബയേണിന്റെ മികവും ആദ്യ പകുതിയിൽ കാണാൻ ആയി. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം ലീറോയ്‌ സാനെയുടെ മികച്ച ഷോട്ട് എഡേഴ്സൻ രക്ഷപ്പെടുത്തി. തുടർന്ന് രണ്ടു തവണയും സാനെ ഉതിർത്ത മികച്ച ഷോട്ടുകൾ സിറ്റി ഗോൾ കീപ്പർ തട്ടിയകറ്റി. ഇടക്ക് കോർണറിൽ നിന്നു ഡിയാസ് ഉതിർത്ത ഷോട്ട് സൊമ്മറും രക്ഷിച്ചു. 70 മത്തെ മിനിറ്റിൽ ഉപമകാനോയുടെ വമ്പൻ പിഴവ് സിറ്റിക്ക് രണ്ടാം ഗോളും സമ്മാനിച്ചു.

മാഞ്ചസ്റ്റർ സിറ്റി

ഉപമകാനോയിൽ നിന്നു എതിർ ബോക്സിനു അരികിൽ നിന്നു പന്ത് തട്ടിയെടുത്ത ഗ്രീലീഷ് അത് മികച്ച ബാക് ഹീൽ പാസോടെ ഹാളണ്ടിനു മറിച്ചു നൽകിസ് തുടർന്ന് ഹാളണ്ടിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ബെർണാർഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോൾ നേടുക ആയിരുന്നു. തൊട്ടടുത്ത നിമിഷത്തിൽ മറ്റൊരു ഉപമകാനോ പിഴവിൽ നിന്നു സിറ്റി ഉണ്ടാക്കിയ അവസരം സൊമ്മർ കഷ്ടിച്ച് ആണ് രക്ഷിച്ചത്. എന്നാൽ 76 മത്തെ മിനിറ്റിൽ സിറ്റി ജയം പൂർണമാക്കി. ഷോർട്ട് കോർണറിൽ നിന്നു സ്റ്റോൺസ് ഹെഡ് ചെയ്തു നൽകിയ പന്ത് വലയിൽ എത്തിച്ച ഹാളണ്ട് സിറ്റിക്ക് വമ്പൻ ജയം സമ്മാനിക്കുക ആയിരുന്നു. വീണ്ടും സൊമ്മറിന്റെ മികവ് ഇല്ലായിരുന്നു എങ്കിൽ കനത്ത തോൽവി ആയേനെ ബയേണിനെ കാത്തിരുന്നത്. അവസാനം സാദിയോ മാനെ, തോമസ് മുള്ളർ എന്നിവരെ ഇറക്കിയിട്ടും ബയേണിന് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ആയില്ല. ഇനി രണ്ടാം പാദത്തിൽ ജർമ്മനിയിൽ അത്ഭുതം സംഭവിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റി അനായാസം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തും എന്നുറപ്പാണ്.