കണ്ണഞ്ചിക്കുന്ന ഗോളുമായി പുതിയ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോസെലുവും തിളങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ പരിശീലന മത്സരത്തിൽ മാഡ്രിഡിന് തകർപ്പൻ ജയം. പ്രീ സീസണിൽ റയലിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. മാഡ്രിഡിന് അടുത്തതായി ബാഴ്‌സയുമായും മാഞ്ചസ്റ്റർ യുനൈറ്റഡിന് ഡോർമുണ്ടുമായും ആണ് മത്സരം.
ശക്തമായ നിരയുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. വിനിഷ്യസും റോഡ്രഗോയും അണിനിരന്ന റയൽ മുന്നേറ്റത്തിന് പിറകിൽ ചരട് വലിക്കാൻ ബെല്ലിങ്ഹാം എത്തി. ഒനാന ആദ്യമായി യുനൈറ്റഡ് ജേഴ്‌സി അണിഞ്ഞപ്പോൾ മേസൻ മൗണ്ടും ആദ്യ ഇലവനിൽ എത്തി. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മാഡ്രിഡ് വല കുലുക്കി. സ്വന്തം പകുതിയിൽ നിന്നും റൂഡിഗർ ഉയർത്തി നൽകിയ പന്ത് എതിർ ബോക്സിന് തൊട്ടു പുറത്തു വച്ചു നിയന്ത്രിച്ച ബെല്ലിങ്ഹാം കീപ്പർക്ക് മുകളിലൂടെ ചിപ്പ് ചെയ്തിട്ടാണ് മനോഹരമായ ഗോൾ നേടിയത്. പിന്നീട് മികച്ചൊരു നീകത്തിനൊടുവിൽ ഗാർനാചോയുടെ ഷോട്ട് പൊസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ആദ്യ പകുതിയിൽ റയൽ തന്നെയാണ് മികച്ചു നിന്നത്. വിനിഷ്യസ് പല തവണ എതിർ ഡിഫെൻസിന് തലവേദന സൃഷ്ടിച്ചു. ടീമുമായി ഇണങ്ങി ചേർന്നെന്ന് ജൂഡ് ബെല്ലിങ്ഹാമും ഒരിക്കൽ കൂടി തെളിയിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗർനാചോയുടെ ഷോട്ട് ലുനിൻ തട്ടിയകറ്റി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ യുനൈറ്റഡ് നിരവധി മാറ്റങ്ങൾ കൊണ്ടു വന്നു. ആന്റണി, സാഞ്ചോ, മഗ്വായർ അടക്കം കളത്തിൽ എത്തി. ജോസെലുവിന് ലഭിച്ച മികച്ചൊരു അവസരം ഒനാന കൃത്യമായി ഇടപെട്ട് രക്ഷിച്ചെടുത്തു. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ യുനൈറ്റഡിനായി. ബോക്സിനകത്ത് നിന്നും ലഭിച്ച അവസരങ്ങളിൽ ഷോട്ട് പക്ഷെ കീപ്പർക്ക് നേരെ ആയി. 89ആം മിനിറ്റിൽ വാസ്ക്വസിന്റെ ക്രോസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ബൈസൈക്കിൽ കിക്കിലൂടെ തകർപ്പൻ ഗോൾ നേടി ജോസെലു പട്ടിക തികച്ചു.