വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി യുപി. ഇന്ന് മുംബൈയ്ക്കെതിരെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഉത്തര്‍ പ്രദേശ് 312 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ മാധവ് കൗശികും സമര്‍ത്ഥ് സിംഗും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളില്‍ അക്ഷ് ദീപ് നാഥ് തകര്‍ത്തടിച്ചപ്പോള്‍ മികച്ച സ്കോറിലേക്ക് ഉത്തര്‍ പ്രദേശ് നീങ്ങി.
സമര്‍ത്ഥ് സിംഗും(55) മാധവ് കൗശിക്കും ചേര്‍ന്ന് 122 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ സമര്‍ത്ഥിനെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയെയും മൂന്ന് പന്ത് വ്യത്യാസത്തില്‍ നഷ്ടമായപ്പോള്‍ 122/0 എന്ന നിലയില്‍ നിന്ന് യുപി 123/2 എന്ന നിലയിലേക്ക് വീണു. മാധവ് കൗശിക്കും പ്രിയം ഗാര്‍ഗും(21) ചേര്‍ന്ന് 38 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ഗാര്‍ഗിന്റെ വിക്കറ്റ് യുപിയ്ക്ക് നഷ്ടമായി. കരണ്‍, ഗാര്‍ഗ് എന്നിവരുടെ വിക്കറ്റ് തനുഷ് കോടിയന്‍ ആണ് വീഴ്ത്തിയത്.
പിന്നീട് മാധവ് കൗശിക്കിനൊപ്പം അക്ഷ് ദീപ് നാഥ് തകര്‍ത്തടിച്ചപ്പോള്‍ യുപി നാലാം വിക്കറ്റില്‍ 127 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 40 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥ് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. 156 പന്തില്‍ നിന്ന് പുറത്താകാതെ ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത മാധവ് കൗശിക് ആണ് ഫൈനലില്‍ ഈ കൂറ്റന്‍ സ്കോറിലേക്ക് ഉത്തര്‍ പ്രദേശിനെ നയിച്ചത്.