അനന്തപുരിയില്‍ ഇന്ത്യ ആധികാരിക വിജയം കുറിച്ചപ്പോളും ഇന്ത്യയ്ക്ക് തുണയായി ഭാഗ്യം ബാറ്റിംഗ് സമയത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. ഗ്രൗണ്ടിലെ ക്ലോക്കില്‍ മണി അഞ്ച് അടിച്ചപ്പോള്‍ കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് ജയം കുറിയ്ക്കുകയായിരുന്നു. വിന്‍ഡീസിനെ 104 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു.
ഒഷെയ്‍ന്‍ തോമസ് ശിഖര്‍ ധവാനെ രണ്ടാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ആറ് റണ്‍സ്. തൊട്ടടുത്ത തന്റെ ഓവറില്‍ ഒഷെയ്‍ന്‍ തോമസ് ആദ്യ പന്തില്‍ തന്നെ കോഹ്‍ലിയെ ആദ്യ സ്ലിപ്പില്‍ ജേസണ്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചുവെങ്കിലും വിന്‍ഡീസ് നായകന് ഇന്ത്യന്‍ നായകനെ കൈപ്പിടിയിലൊതുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ പന്ത് ബൗണ്ടറി കടന്നു.
മത്സരത്തിലെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ കീപ്പര്‍ ഷായി ഹോപിന്റെ കൈയില്‍ രോഹിത് ശര്‍മ്മയെ എത്തിച്ച് ഒഷെയ്‍ന്‍ തോമസ് തന്റെ ആഘോഷം തുടങ്ങിയെങ്കിലും അമ്പയറുടെ സിഗ്നല്‍ കണ്ട് തിരുവനന്തപുരത്തെ കാണികള്‍ ആഘോഷഭരിതരാകുകയായിരുന്നു. ഓവര്‍ സ്റ്റെപ്പിംഗിനു നോ ബോള്‍ വിളിച്ചപ്പോള്‍ വീണ്ടും ഒരു പ്രാവശ്യം കൂടി ഇന്ത്യയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. 8 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 40 ആയിരുന്നു. ഇതിനു ശേഷമാണ് രോഹിത് ശര്‍മ്മ കൂടുതല്‍ ആക്രമിച്ചു കളിക്കുവാന്‍ ആരംഭിച്ചത്.
അടുത്ത പന്തിലെ ഫ്രീ ഹിറ്റ് അവസരം മുതലാക്കുവാന്‍ രോഹിത് ആഞ്ഞടിച്ചുവെങ്കിലും എക്സ്ട്രാ കവറില്‍ ഹെറ്റ്മ്യര്‍ ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും താരം ഒരു റണ്‍സ് നേടി അടുത്ത ഓവറിലേക്ക് സ്ട്രൈക്ക് സ്വന്തമാക്കി. ഇതിനു ശേഷം ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ഒരവസരം പോലും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. വിന്‍ഡീസ് ബൗളര്‍മാരില്‍ വിക്കറ്റ് നേട്ടത്തിലും ക്യാച്ച് കൈവിടുമ്പോളും നോബോള്‍ എറിഞ്ഞുമെല്ലാം ഒഷെയ്ന്‍ തോമസ് തന്നെയായിരുന്നു മത്സരത്തില്‍ സജീവമായ നിന്ന താരം.