2022 ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഇന്ത്യയെക്കാൾ ശക്തരാണെങ്കിലും ഒമാനെ തോൽപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച്. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ എല്ലാ എതിരാളികളെയും തോൽപ്പിക്കാം എന്ന് കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ സ്റ്റിമാച് പറഞ്ഞു.
ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മികച്ച ആരാധക പിന്തുണയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകൾ മുഴുവൻ ഇതിനകം തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ആശിഖ് കുരുണിയൻ എന്നിവർ ടീമിനൊപ്പം ഉണ്ട്. സഹൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും. ഫിറ്റ്നെസ് വീണ്ടെടുത്ത അനസും ആദ്യ ഇലവനിൽ ഉണ്ടായേക്കും. അനസ് ജിങ്കൻ കൂട്ടുകെട്ട് തിരികെ വന്നാൽ സ്റ്റിമാചിന്റെ ഡിഫൻസീവ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ഇപ്പോഴും പൂർണ്ണ ഫിറ്റ്നെസിലേക്ക് എത്തിയിട്ടില്ലാത്ത ആശിഖ് ബെഞ്ചിൽ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഛേത്രി, ഉദാന്ത തന്നെയാകും ഇന്ത്യൻ അറ്റാക്കിനെ നയിക്കുക. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഉൾപ്പെടെ ഫലങ്ങൾ ഇല്ലായെങ്കിലും സ്റ്റിമാചിന്റെ ഇന്ത്യൻ ടീമും ടാക്ടിക്സുകളും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. അത് ഈ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഫലങ്ങളായി മാറും എന്നാണ് ആരാധകഫ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും കാണാം.