പ്രീമിയർ ലീഗ് സ്വപ്നത്തിനായി എഫ് എ കപ്പ് ബലി കൊടുത്ത് ലിവർപൂൾ

Newsroom

പ്രീമിയർ ലീഗ് കിരീടം എന്ന സ്വപനത്തിൽ ലിവർപൂളിന് എത്തേണ്ടതുണ്ട്. അതിനായി ഇന്നലെ ലിവർപൂൾ ബലി കൊടുത്തത് എഫ് എ കപ്പ് തന്നെ ആയിരുന്നു. ഇന്നലെ എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ വോൾവ്സിനെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി നേരിട്ട് പുറത്തേക്ക് പോയി. തങ്ങളുടെ ആദ്യ ഇലവനിൽ ഭൂരിഭാഗത്തിനും വിശ്രമം ബൽകി ആയിരുന്നു ലിവർപൂൾ ഇന്നലെ ഇറങ്ങിയത്.

പ്രീമിയർ ലീഗിലെ ടൈറ്റ് ഷെഡ്യൂളുകൾക്കിടയിൽ പ്രധാന താരങ്ങൾക്ക് ഒന്നും വിശ്രമം നൽകാൻ ക്ലോപ്പിന് ആയിരുന്നില്ല. അതുകൊണ്ട് തന്നെ എഫ് എ കപ്പിലെ അവസരം ക്ലോപ്പ് താരങ്ങൾക്ക് വിശ്രമം നൽകാനായി ഉപയോഗിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ നാലു പോയന്റിന്റെ ലീഡ് മാത്രമുള്ള ലിവർപൂളിന് ഇനിയുള്ള മത്സരങ്ങൾക്കായി പ്രധാന താരങ്ങളെ ഒക്കെ ഫുൾ ഫിറ്റ്നെസോടെ ആവശ്യമുണ്ട്. പ്രീമിയർ ലീഗ് എന്ന കിട്ടാകനിക്കായി എഫ് എ കപ്പ് അല്ല എന്തും ബലി കൊടുക്കാൻ ഇപ്പോൾ ലിവർപൂൾ ആരാധകരും തയ്യാറാകും.

ഇന്നലെ വോൾവ്സിന്റെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം നടന്നത്. സലാ, ഫർമീനോ, മാനേ, വാൻഡൈക്, അലിസൺ തുടങ്ങി പ്രമുഖർ ഒന്നും ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ജിമിനെസും റൂബൻ നവാസുമാണ് വോൾവ്സിന് ജയം ഉറപ്പിച്ച് കൊടുത്ത ഗോളുകൾ നേടിയത്. ഒറിഗി ലിവർപൂളിനായും ഗോൾ നേടി.