ഇന്ന് ആൻഫീൽഡിൽ നാടകീയമായ അവസാന നിമിഷങ്ങളാണ് കണ്ടത്. 91ആം മിനുട്ടിൽ ന്യൂകാസിലിന്റെ സമനില ഗോൾ നിഷേധിക്കപ്പെടുന്നതും അതിനു പിന്നാലെ 95ആം മിനുട്ടിൽ ന്യൂകാസിൽ അർഹിച്ച സമനില നേടുന്നതും ഒക്കെ ആവേശകരമായ നിമിഷങ്ങളാണ് ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത്. മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്.
ഇന്ന് ന്യൂകാസിലിനെ നേരിട്ട ലിവർപൂൾ തുടക്കത്തിൽ തന്നെ ഗോൾ നേടി. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ ആയിരുന്നു ആ ഗോൾ വന്നത്. ന്യൂകാസിൽ യുണൈറ്റഡ് ഡിഫൻസ് ഒരു ബോൾ ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ അവസരം മുതലെടുത്ത് സലാ ഇടം കാലു കൊണ്ട് ഒരു പവർഫുൾ ഷോട്ടിലൂടെ പന്ത് വലയിൽ കയറ്റുക ആയിരുന്നു.
സലായുടെ ഈ സീസണികെ ഇരുപതാം ലീഗ് ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം നിരവധി അവസരങ്ങൾ ലിവർപൂളിന് ലഭിച്ചു എങ്കിലും ഒന്ന് പോലും വലയിൽ എത്തിയില്ല. സലായും, ജോട്ടയും, മാനെയും ഒക്കെ സുവർണ്ണാവസരങ്ങൾ ആണ് ഇന്ന് നഷ്ടപ്പെടുത്തിയത്. ന്യൂകാസിൽ ഗോൾ കീപ്പർ ഡുബ്രാക്കയും മികവ് പുലർത്തി. മറുവശത്ത് അലിസണ് ആദ്യ പകുതിയുൽ ലോങ്സ്റ്റാഫിന്റെ ഒരു ഷോട്ട് മാത്രമെ സേവ് ചെയ്യേണ്ടി വന്നുള്ളൂ.
ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ലിവർപൂളിന് വിനയായി. 91ആം മിനുട്ടിൽ വിൽസൺ ന്യൂകാസിലിന് സമനില നൽകി. എന്നാൽ പന്ത് വിൽസന്റെ കയ്യിൽ തട്ടിയെന്ന് പറഞ്ഞ് ആ ഗോൾ നിഷേധിച്ചു. ആ വിധിയിൽ പതറാതെ പൊരുതിയ ന്യൂകാസിൽ കളിയിലെ അവസാന കിക്കിൽ 96ആം മിനുട്ടിൽ വില്ലോക്കിലൂടെ സമനില നേടി.
ഈ സമനില ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയ്ക്ക് തിരിച്ചടി ആണ്. ലീഗിൽ 54 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ.