പ്രീമിയർ ലീഗിൽ ഇത്തവണ ഫോട്ടോഫിനിഷ് തന്നെ ആയിരിക്കും നടക്കുക. ചരിത്രത്തിൽ ഇല്ലാത്ത അത്ര മികച്ച കിരീട പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ലിവർപൂൾ വീണ്ടും ലീഗ് ടേബിളിന്റെ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇന്ന് അതി നിർണായകമായ എവേ മത്സരത്തിൽ ന്യൂകാസിനെ ഒരു ത്രില്ലറിന് ഒടുവിൽ കീഴ്പ്പെടുത്തി ആണ് ലിവർപൂൾ ഒന്നാമത് എത്തിയത്.
കളിയുടെ അവസാന നിമിഷങ്ങളിൽ ഒറിഗി നേടിയ ഗോളിന്റെ ബലത്തിൽ 3-2 എന്ന സ്കോറിനാണ് ലിവർപൂൾ ഇന്ന് വിജയിച്ചത്. ബാഴ്സലോണയോടേറ്റ പരാജയത്തിൽ നിന്ന് കരകയറാൻ ന്യൂകാസിൽ എത്തിയ ലിവർപൂൾ തുടക്കത്തിൽ തന്നെ ലീഡ് നേടിയിരുന്നു. 13ആം മിനുട്ടിൽ ഒരു ഫ്രീ ഹെഡറിലൂടെ വാൻ ഡൈക് ആണ് ലിവർപൂളിന് ആദ്യ ലീഡ് നൽകിയത്. എന്നാൽ 20ആം മിനുട്ടിൽ തന്നെ അതിനു മറുപടി നൽകാൻ ന്യൂകാസിലിനായി. അറ്റ്സു ആയിരുന്നു ന്യൂകാസിലിനായി സ്കോർ 1-1 എന്നാക്കിയ ഗോൾ നേടിയത്.
28ആം മിനുട്ടിൽ സലായുടെ ഗോളിലൂടെ ലിവർപൂൾ വീണ്ടും ലീഡ് എടുത്തു. ഇത്തവണ ലീഡ് രണ്ടാം പകുതി വരെ നീണ്ടുനിന്നു. എന്നാൽ 54ആം മിനുട്ടിൽ റൊണ്ടോണിന്റെ സ്ട്രൈക്ക് അലിസണെ കീഴ്പ്പെടുത്തി. സ്കോർ 2-2 എന്നായി. അതിനു ശേഷം കളിയിൽ ന്യൂകാസിൽ ചെറിയ മുൻതൂക്കവും നേടി. ഇതിനിടയിൽ സലായ്ക്ക് പരിക്കേൽക്കുക കൂടെ ചെയ്തതോടെ ലിവർപൂൾ ആരാധകരിൽ നിരാശ പടർന്നു.
പക്ഷെ സലായ്ക്ക് പകരക്കാരനായി എത്തിയ ഒറിഗി ലിവർപൂളിന് വിജയ ഗോൾ നേടി. 86ആം മിനുട്ടിൽ ഷാകിരിയുടെ ക്രോസിൽ നിന്നായിരുന്നു ഒറിഗിയുടെ ഗോൾ. ഈ വിജയത്തോടെ 94 പോയന്റുമായി ലിവർപൂൾ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 92 പോയന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. സിറ്റിക്ക് ഇനി രണ്ട് മത്സരങ്ങളും ലിവർപൂളിന് ഒരു മത്സരവുമാണ് ഉള്ളത്.