ഇന്റർ മയാമിയെ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിച്ചു ലയണൽ മെസ്സി മാജിക്. ഡലാസിന് എതിരെ മെസ്സി, ബുസ്കെറ്റ്സ്സ് ആൽബ എന്നിവർ ആദ്യ പതിനൊന്നിൽ കളിക്കാൻ ഇറങ്ങി. ഇരു ടീമുകളും മികച്ചു നിൽക്കുന്ന മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചത് മയാമി ആയിരുന്നു. ആറാം മിനിറ്റിൽ ആൽബയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്നു മെസ്സി മയാമിയെ മുന്നിൽ എത്തിച്ചു. എന്നാൽ 37 മത്തെ മിനിറ്റിൽ ഫകുണ്ടോയുടെ ഗോളിൽ സമനില പിടിച്ച ഡലാസ് 45 മത്തെ മിനിറ്റിൽ ബെർണാർഡിന്റെ ഗോളിൽ മത്സരത്തിൽ മുന്നിലെത്തി.
രണ്ടാം പകുതിയിൽ അലൻ വെലസ്കോയുടെ ഫ്രീകിക്കിൽ ഡലാസ് 3-1 നു മുന്നിൽ എത്തി. 2 മിനിറ്റിനുള്ളിൽ മെസ്സി സൃഷ്ടിച്ച അവസരത്തിനു ഒടുവിൽ ആൽബയുടെ പാസിൽ നിന്നു ബെഞ്ചമിൻ മയാമിക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ 68 മത്തെ മിനിറ്റിൽ റോബർട്ട് ടെയ്‌ലർ സെൽഫ് ഗോൾ വഴങ്ങിയതോടെ മയാമി വീണ്ടും പ്രതിരോധത്തിൽ ആയി. മത്സരത്തിൽ 80 മത്തെ മിനിറ്റിൽ മാർകോ ഫർഫാന്റെ സെൽഫ് ഗോൾ പിറന്നതോടെ മയാമി പ്രതീക്ഷ തിരിച്ചു പിടിച്ചു. ഈ ഗോളിനും മെസ്സി തന്നെയാണ് വഴി ഒരുക്കിയത്.
തുടർന്ന് 85 മത്തെ മിനിറ്റിൽ റോബർട്ട് ടെയ്‌ലറിനെ വീഴ്ത്തിയതിന് മയാമിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തന്റെ പഴയ ഫ്രീക്കുകൾ ഓർമ്മിപ്പിച്ച ലയണൽ മെസ്സി അതുഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ മത്സരത്തിൽ മയാമിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് മത്സരത്തിൽ വിജയഗോൾ നേടാൻ ഇരു ടീമുകൾക്കും ആവാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. രണ്ടാം പെനാൽട്ടി എടുത്ത ഡലാസ് താരം പെനാൽട്ടി പാഴാക്കിയപ്പോൾ മെസ്സി അടക്കം എല്ലാ മയാമി താരങ്ങളും പെനാൽട്ടി ലക്ഷ്യം കണ്ടു. തുടർ പരാജയങ്ങൾ കൊണ്ടു വലഞ്ഞ മയാമിയുടെ തലവരയാണ് മെസ്സി തന്റെ വരവ് കൊണ്ടു മാറ്റിയത്.