വീണ്ടും ബാഴ്സലോണക്കെതിരെ രൂക്ഷ വിമർശനവുമായി സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്സലോണ താരമായിരുന്ന ലൂയിസ് സുവാരസിന്റെ അത്ലറ്റികോ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് മെസ്സി സോഷ്യൽ മീഡിയയിൽ ബാഴ്സലോണക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ ഒരുപാട് കാര്യങ്ങൾ വേദനിപ്പിക്കുണ്ടെന്നും മെസ്സി പറഞ്ഞു.
ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു പ്രധാന താരത്തെ യാതൊരു മര്യാദയും കൂടാതെ ബാഴ്സലോണ പുറത്താക്കുകയായിരുന്നെന്ന് മെസ്സി ആരോപിച്ചു. ലൂയിസ് സുവാരസിന്റെ മറ്റൊരു ജേഴ്സിയിൽ കാണുന്നത് ഒരുപാട് വിഷമമുള്ള കാര്യം ആണെന്നും ബാർസിലോണ ലൂയിസ് സുവാരസ് അർഹിച്ച ഒരു വിടവാങ്ങൽ താരത്തിന് നൽകിയില്ലെന്നും മെസ്സി ആരോപിച്ചു.
ബാഴ്സലോണക്ക് വേണ്ടി ഒരുപാട് കിരീടങ്ങൾ നേടി തന്ന ലൂയിസ് സുവാരസിനെ ഇത്തരത്തിൽ പുറത്താക്കിയത് ശരിയായില്ലെന്നും എന്നാൽ ഈ അവസ്ഥയിൽ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടാക്കുന്ന നടപടികൾ തന്നെ ഒരിക്കലും ആശ്ചര്യപെടുത്തുന്നില്ലെന്നും മെസ്സി പറഞ്ഞു. നേരത്തെ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി ക്ലബ് വിടാനുള്ള തീരുമാനം ബാഴ്സലോണയെ അറിയിച്ചിരുന്നെങ്കിലും ബാഴ്സലോണ മെസ്സിയെ ടീം വിടാൻ അനുവദിച്ചിരുന്നില്ല. അതെ സമയം ക്ലബ് വിട്ട ലൂയിസ് സുവാരസ് ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളുകൾ നേടി അത്ലറ്റികോക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു