കളിക്കാൻ ഇറങ്ങിയ രണ്ടാം മത്സരത്തിലും ഇന്റർ മയാമിക്ക് ആയി സ്വപ്ന പ്രകടനവും ആയി ലയണൽ മെസ്സി. തുടർച്ചയായ പരാജയങ്ങൾ കൊണ്ട് തളർന്നു നിന്ന മയാമിക്ക് ലീഗ് കപ്പിൽ രണ്ടാം മത്സരത്തിലും മെസ്സി ജയം സമ്മാനിച്ചു. മറ്റൊരു എം.എൽ.എസ് ക്ലബ് ആയ അറ്റലാന്റ യുണൈറ്റഡിന് എതിരെ ആദ്യ പതിനൊന്നിൽ തന്നെ മെസ്സി ഇത്തവണ കളിക്കാൻ ഇറങ്ങി. മെസ്സിയുടെ കളി കാണാൻ പതിവ് പോലെ ഡി.ജെ ഖാലദ് അടക്കം പല പ്രമുഖ താരങ്ങളും ഗാലറിയിൽ ഉണ്ടായിരുന്നു.
എട്ടാം മിനിറ്റിൽ തന്നെ മെസ്സിക്ക് ഒപ്പം ആദ്യ പതിനൊന്നിൽ എത്തിയ മുൻ ബാഴ്‌സ താരം സെർജിയോ ബുസ്കെറ്റ്സിന്റെ പാസിൽ നിന്നു മെസ്സി തന്റെ ആദ്യ ഗോൾ കണ്ടത്തി. മികച്ച പാസിൽ നിന്നു മികച്ച ഫിനിഷ് ആയിരുന്നു ഈ ഗോൾ. മെസ്സി ഗോൾ നേടുന്ന നൂറാം ക്ലബ് ആയി അറ്റലാന്റ മാറി. 22 മത്തെ മിനിറ്റിൽ റോബർട്ട് ടെയ്‌ലറിന്റെ പാസിൽ നിന്നു വലത് കാൽ കൊണ്ടു തന്റെ രണ്ടാം ഗോൾ നേടിയ മെസ്സി മയാമിക്ക് സ്വപ്ന തുടക്കം ആണ് നൽകിയത്. 44 മത്തെ മിനിറ്റിൽ ബെഞ്ചമിന്റെ പാസിൽ നിന്നു റോബർട്ട് ടെയ്‌ലർ കൂടി ഗോൾ നേടിയതോടെ മയാമി 3 ഗോളുകൾക്ക് മുന്നിലെത്തി.
അവരുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി ഒരു മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്നത്. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിന് ശേഷം മെസ്സിയുടെ പാസിൽ നിന്നു റോബർട്ട് ടെയ്‌ലർ ഗോൾ നേട്ടയതോടെ മയാമി തങ്ങളുടെ വലിയ ജയം പൂർത്തിയാക്കി. 78 മത്തെ മിനിറ്റിൽ ആരാധകരുടെ വലിയ കയ്യടിയുടെ അകമ്പടിയോടെ ആണ് മെസ്സി കളം വിട്ടത്.
86 മത്തെ മിനിറ്റിൽ മയാമിയുടെ ക്രിസ്റ്റഫർ ഫൗളിന് പെനാൽട്ടി വഴങ്ങുകയും ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു. എന്നാൽ അറ്റലാന്റക്ക് ആയി പെനാൽട്ടി എടുത്ത തിയാഗോ അൽമാഡയുടെ പെനാൽട്ടി മയാമി ഗോൾ കീപ്പർ ഡ്രേക്ക് കലണ്ടർ രക്ഷിച്ചു. ഗോൾ ഡേവിഡ് ബെക്കാമിന് ഒപ്പം ആഘോഷിക്കുന്ന മെസ്സിയെയും ഇന്ന് കണ്ടു. മെസ്സിയുടെ വരവ് മയാമിയുടെ തലവര തന്നെ മാറ്റിയിട്ടുണ്ട് എന്നത് ആണ് സത്യം.