ബാലൻ ഡി ഓർ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾ ആയെങ്കിലും അതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ഈ വർഷത്തെ ബാലൻ ഡി ഓർ നൽകേണ്ടിയിരുന്നത് റോബർട്ട് ലെവൻഡോസ്കിക്കാണെന്ന വിവാദ പരാമർശവുമായി എത്തിയിരിക്കുകയാണ് സ്വീഡിഷ് സൂപ്പർ താരം സ്ലാത്തൻ ഇബ്രാഹിമോവിച്. മെസ്സിയും ക്രിസ്റ്റ്യാനോയും ഫുട്ബോൾ ഇതിഹാസങ്ങളാണ്. മെസ്സിയോടൊപ്പം കളിച്ചത് കൊണ്ടുതന്നെ തന്റെ പിന്തുണ മെസ്സിക്കാണെന്ന് പറഞ്ഞ ഇബ്രാഹിമോവിച്, ഇത്തവണ ഫ്രാൻസ് ഫുട്ബോൾ നൽകുന്ന അവാർഡിന് അർഹൻ ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കി ആണെന്നും കൂട്ടിച്ചേർത്തു.
ബാലൻ ഡി ഓർ അവാർഡിൽ ചരിത്രമെഴുതി ഏഴാം തവണയും നേടിയത് ലയണൽ മെസ്സിയാണ്. അർജന്റീനയെ കോപ അമേരിക്ക കിരീടത്തിലേക്ക് എത്തിച്ചതും ബാഴ്സയോടോപ്പം കോപ്പ ഡെൽ റേ നേടിയതും മെസ്സിക്ക് വോട്ടിംഗിൽ മുൻതൂക്കം നൽകി.
മെസ്സിക്ക് ബാലൻ ഡി ഓർ നൽകിയതിന് പിന്നാലെ തന്നെ ലെവൻഡോസ്കിക്ക് അർഹമായ അവാർഡ് ആയിരുന്നുവെന്ന് ഫുട്ബോൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും ആക്ഷേപമുയർന്നിരുന്നു. ക്ലബ്ബ് വേൾഡ് കപ്പും ബുണ്ടസ് ലീഗ് കിരീടവും നേടിയ ലെവൻഡോസ്കി സമീപ കാലത്തെ ഏറ്റവും മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ 100ആം മത്സരം ഹാട്രിക്ക് അടിച്ചാണ് താരം ആഘോഷിച്ചത്. ഇതിഹാസ താരം ജെർഡ് മുള്ളറുടെ ഒരു സീസണിൽ 41 ഗോളുകൾ എന്ന ബുണ്ടസ് ലീഗ റെക്കോർഡും ലെവൻഡോസ്കി സ്വന്തം പേരിലാക്കിയിരുന്നു