റോബർട് ലെവെന്റോവ്സ്കിയുടെ കൈമാറ്റം ഉടൻ തന്നെ പൂർത്തീകരിക്കാൻ ചടുല നീക്കങ്ങൾ ആരംഭിച്ചു. ബാഴ്‌സലോണ തങ്ങളുടെ പുതിയ ഓഫർ ബയേണിന് മുൻപിൽ സമർപ്പിക്കും. ഇരു ടീമുകളും നിലവിൽ ചർച്ചകൾ നടത്തുന്നതായാണ് സൂചനകൾ. ബയേണിന്റെ പ്രീ സീസൺ ഉടനെ ആരംഭിക്കുമെന്നതിനാൽ അതിന് മുന്നേ എല്ലാ നടപടികളും പൂർത്തിയാക്കാനാണ് ലെവെന്റോവ്സ്കിയും ബയേണും ആഗ്രഹിക്കുന്നത്. അമേരിക്കയിലേക്ക് തിരിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ബാഴ്‌സക്കും കൈമാറ്റം ഉടനെ പൂർത്തികരിക്കേണ്ട ആവശ്യമുണ്ട്.
അതിനിടെ താരത്തിന്റെ നിലവിലെ സാഹചര്യം പിഎസ്ജി, ചെൽസി ടീമുകൾ തിരക്കി എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മുൻപെന്ന പോലെ ബാഴ്‌സലോണ മാത്രമാണ് താരത്തിന്റെ ലക്ഷ്യമെന്നാണ് ടീമുകൾക് മറുപടി ലഭിച്ചത്. മാത്രവുമല്ല ബാഴ്‌സിലോട്ടുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിൽ ആണെന്നും താരത്തിന്റെ ഭാഗത്ത് നിന്നും അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. ഇതോടെ അടുത്ത ഒരു ദിവസത്തിനുള്ളിൽ തന്നെ എല്ലാ നടപടികളും തീർന്ന് ലെവെന്റോവ്സ്കി ബാഴ്‌സ താരം ആവും എന്നാണ് അനുമാനിക്കേണ്ടത്.
ഇതോടെ ആഴ്ച്ചകളായി ബയേണിൽ സമ്മർദ്ദം ചെലുത്തുന്ന ലെവെന്റോവ്സ്കിയുടെയും താരത്തിന്റെ ഏജന്റ് പിനി സഹവിയുടേയും നീക്കങ്ങൾ കൂടിയാണ് വിജയം കാണുന്നത്. ടീം മാറാൻ നിർബന്ധം പിടിക്കുന്ന താരത്തെ ഇനിയും ടീമിൽ നിർത്തുന്നതിൽ അർത്ഥമില്ലെന്ന് ബയേണും കരുതുന്നു.