ചാമ്പ്യൻസ് ലീഗിൽ മൂന്നു ക്ലബുകൾക്ക് ആയി ഹാട്രിക് നേടുന്ന ആദ്യ താരമായി ലെവൻഡോസ്കി! ഗോൾ വേട്ടയിൽ ബെൻസീമയെ മറികടന്നു

Wasim Akram

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മൂന്നു ക്ലബുകൾക്ക് ആയി ഹാട്രിക് നേടുന്ന ആദ്യ താരമായി പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി. മുമ്പ് ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക് ക്ലബുകൾക്ക് ആയി ഹാട്രിക് നേടിയ ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ തന്റെ ആദ്യ മത്സരത്തിൽ തന്നെ ബാഴ്‌സലോണക്ക് ആയി ഹാട്രിക് നേടി. ചെക്ക് ക്ലബായ വിക്ടോറിയ പ്ലസനെ പോളണ്ട് താരത്തിന്റെ മികവിൽ 5-1 നു ആണ് ഇന്ന് ബാഴ്‌സലോണ തോൽപ്പിച്ചത്.

ലെവൻഡോസ്കി

ഹാട്രിക് നേട്ടത്തോടെ ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടയിൽ റയൽ മാഡ്രിഡ് താരം കരീം ബെൻസീമയെയും ലെവൻഡോസ്കി മറികടന്നു. ചാമ്പ്യൻസ് ലീഗിൽ തന്റെ 87, 88, 89 ഗോളുകൾ ആണ് ഇന്ന് ബാഴ്‌സലോണ താരം നേടിയത്. ബെൻസീമക്ക് ചാമ്പ്യൻസ് ലീഗിൽ 86 ഗോളുകൾ ആണ് ഉള്ളത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും ലെവൻഡോസ്കി മാറി. നിലവിൽ സാക്ഷാൽ ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർ മാത്രം ആണ് പോളണ്ട് താരത്തിന് മുന്നിലുള്ളത്.