ലെസ്കോ മതിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും!! ഔദ്യോഗിക പ്രഖ്യാപനം എത്തി

ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കരാർ നീട്ടി

കൊച്ചി, മെയ് 5, 2022: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി നീട്ടി. 2024വരെ ലെസ്‌കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്‌) നിന്നാണ്‌ ലെസ്‌കോവിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌.

2009ലാണ്‌ ഈ മുപ്പത്തൊന്നുകാരന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത്‌. എൻ കെ ഒസിയെക്കിന്റെ യൂത്ത്‌ ടീമിലൂടെയായിരുന്നു തുടക്കം. 2011ൽ പ്രധാന ടീമിനായി അരങ്ങേറ്റം കുറിച്ചു. 56 മത്സരങ്ങളിൽ കളിച്ചു. അഞ്ച്‌ ഗോളും നേടി. 2013ൽ എച്ച്‌ എൻ കെ റിയെക്കിലെത്തി. നാല്‌ വർഷത്തേക്കായിരുന്നു കരാർ. രണ്ടാം സീസണിൽ 41 മത്സരങ്ങളിൽ ഇറങ്ങി. 2016 ജൂലൈയിൽ ഡൈനാമോ സാഗ്രെബിലേക്ക്‌. 2020ജനുവരിയിൽ വായ്‌പാടിസ്ഥാനത്തിൽ എൻ കെ ലോകോമോട്ടീവയ്‌ക്ക്‌ കളിച്ചു. തുടർന്നാണ്‌ ബ്ലാസ്‌റ്റേഴ്‌സുമായി കരാർ ഒപ്പിടുന്നത്‌. സീസണിൽ 21 മത്സരങ്ങളിൽ ഇറങ്ങി. 38 ടാക്കിളുകളും 37 ഇന്റർസെപ്‌ഷനുകളും നടത്തി.Img 20220505 Wa0055

ദേശീയ തലത്തിൽ അണ്ടർ 18 മുതൽ അണ്ടർ 21 വരെയുള്ള ഏല്ലാ യൂത്ത്‌ മത്സരങ്ങളിലും ലെസ്‌കോവിച്ച്‌ രാജ്യത്തിനായി പ്രതിനിധീകരിച്ചിട്ടുണ്ട്‌. . 2014-ൽ അർജന്റീനയ്‌ക്കെതിരെ ക്രൊയേഷ്യൻ സീനിയർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു. ബഹുമുഖ പ്രതിഭയാണ്‌ ഈ ക്രൊയേഷ്യൻ താരം. സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ നിലകളിൽ കളിക്കും.

“കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ്‌ ഞാൻ. കഴിഞ്ഞ സീസണിൽ ഞങ്ങൾ അരികെവരെ എത്തിയിരുന്നു, ഈ സീസണിന്റെ ലക്ഷ്യം കപ്പ്‌ മാത്രം. പരിശീലകന്‌ കീഴിൽ അതുനേടും‐ ലെസ്‌കോവിച്ച് പറഞ്ഞു.

‘‘മാർക്കോയുമായി കരാറിൽ എത്തിയതിൽ വളരെ സന്തോഷം. ഈ ലീഗിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്‌. കളത്തിലെ അദ്ദേഹത്തിന്റെ സ്ഥിരത അടുത്ത രണ്ട്‌ വർഷത്തേക്കെങ്കിലും നിലനിർത്താൻ ഞങ്ങൾക്ക്‌ സാധിച്ചാൽ അത്‌ വലിയ നേട്ടമാകും‐ ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌പോർട്ടിംഗ് ഡയറക്ടർകരോലിസ് സ്കിൻകിസ് പറഞ്ഞു.
മാർക്കോയുമായുള്ള കരാർ നീട്ടിയതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. ഐ എസ് എലിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണെന്ന് അദ്ദേഹം തെളിയിച്ചു. കണക്കുകൾ കൊണ്ട് മാത്രമല്ല. ആത്മ സമർപ്പണവും പ്രൊഫസണലിസവും എല്ലാവർക്കും വലിയ മാതൃകയാണ്. അദ്ദേഹം ഞങ്ങളുടെ കൂടെ തുടരുന്നതിൽ സന്തോഷമുണ്ട്. കാരണം ആ സ്ഥിരതയും നായക ഗുണവും പുതിയ കളിക്കാർക്ക് അവരുടെ മികവ് കൂട്ടാൻ സഹായമൊരുക്കും . അദ്ദേഹത്തിന്റെ പരിചയ സമ്പത്തും മാനുഷിക മികവും ഞങ്ങളുടെ സംഘത്തിന് ഏറെ നല്ല കാര്യങ്ങൾ കൊണ്ടുവരും. മാർക്കോ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത് വളരെ നല്ല കാര്യമാണ്-ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.