ഇംഗ്ലീഷ് ഫുട്ബോളിലെ പുതിയ സീസൺ കിരീടവുമായി ആരംഭിച്ചിരിക്കുകയാണ് ലെസ്റ്റർ സിറ്റി. ഇന്ന് വെംബ്ലിയിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ഷീൽഡ് സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ കളി അവസാനിക്കാൻ രണ്ടു മിനുട്ട് മാത്രം ബാക്കിയിരിക്കെ പിറന്ന പെനാൾട്ടിയാണ് കളിയുടെ വിധി എഴുതിയത്. ആ പെനാൾട്ടിയുടെ ബലത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റർ സിറ്റി വിജയിക്കുകയും ചെയ്തു. ഇന്ന് ഒപ്പത്തിനൊപ്പം ഇരു ടീമും നിൽക്കുന്ന മത്സരമാണ് വെംബ്ലിയിൽ കണ്ടത്.
ഒരുടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിയിൽ സിറ്റിക്ക് ലഭിച്ച ഒരു ഫ്രീകിക്ക് ഗുണ്ടോഗൻ എടുത്തപ്പോൾ കാസ്പർ ഷീമൈക്കളിന്റെ ഒരു ഡൈവിംഗ് സേവ് വേണ്ടി വന്നു ലെസ്റ്ററിനെ രക്ഷിക്കാൻ. ആദ്യ പകുതിയുടെ അവസാനം വാർഡിയുടെ ഒരു ഷോട്ട് സിറ്റിയുടെ പോസ്റ്റിൽ തട്ടിയും മടങ്ങി. രണ്ടാം പകുതിയിലെ മികച്ച അവസരം ലഭിച്ചത് മെഹ്റസിനായിരുന്നു. മൈതാന മധ്യത്തിൽ നിന്ന് ഒറ്റയ്ക്ക് പന്ത് കിട്ടിയിട്ടും അത് ഗോളാക്കി മാറ്റാൻ മെഹ്റസിനായില്ല.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ നേതൻ അകെയുടെ ഒരു ഫൗൾ ആണ് പെനാൾട്ടിയിൽ കലാശിച്ചത്. പെനാൾട്ടി വിജയിച്ച ഇഹെനാചോ തന്നെ പെനാൾട്ടി എടുത്ത് ലെസ്റ്ററിനെ മുന്നിൽ എത്തിച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾ മടക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്കായി പുതിയ സൈനിംഗ് ഗ്രീലിഷ് ഇന്ന് അരങ്ങേറ്റം നടത്തി. അമ്പതു വർഷത്തിനു ശേഷമാണ് ലെസ്റ്റർ വിറ്റി ഒരു കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടുന്നത്.