കോപ ഇറ്റാലിയ രണ്ടാം പാദ സെമിഫൈനലിൽ എ.സി മിലാനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു ഇന്റർ മിലാൻ. ആദ്യ പാദത്തിൽ ഗോൾ രഹിതമായ സമനില ആയിരുന്നു ഇരു ടീമുകളും വഴങ്ങിയത്. എന്നാൽ രണ്ടാം പാദത്തിൽ ഇന്ററിന്റെ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. ഇരട്ട ഗോളുകൾ നേടിയ അർജന്റീന താരം ലൗടാരോ മാർട്ടിനസ് ആണ് ഇന്ററിന് മികച്ച ജയം സമ്മാനിച്ചത്. നാലാം മിനിറ്റിൽ തന്നെ മത്സരത്തിൽ ഇന്റർ മുന്നിലെത്തി. ഡാർമിയന്റെ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ ലൗടാരോ മാർട്ടിനസ് ഇന്ററിന് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു.
ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റിൽ ജോക്വിൻ കൊറെയോയുടെ ത്രൂ ബോളിൽ നിന്നു തന്റെ രണ്ടാം ഗോളും നേടിയ ലൗടാരോ ഇന്ററിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ കളിയിൽ തിരിച്ചു വരാൻ മിലാൻ ശ്രമങ്ങൾ ഉണ്ടായി. 67 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ഇസ്മയിൽ ബെനാസർ മിലാനു ആയി ഗോൾ മടക്കിയെങ്കിലും കാലുലു ഓഫ് സൈഡ് ആയത് കണ്ടത്തിയ വാർ ഗോൾ നിഷേധിച്ചു. തുടർന്ന് 82 മത്തെ മിനിറ്റിൽ ഇന്ററിന്റെ മൂന്നാം ഗോൾ കണ്ടത്തിയ പകരക്കാരൻ റോബിൻ ഗോസൻസ് ഇന്ററിന്റെ ജയം ഉറപ്പിച്ചു. ബ്രോസോവിചിന്റെ പാസിൽ നിന്നു ആയിരുന്നു കളത്തിൽ ഇറങ്ങി മൂന്നു മിനിറ്റുകൾക്ക് അകം ഗോസൻസ് ഗോൾ നേടിയത്. റോമിലെ ഫൈനലിൽ യുവന്റസ്, ഫിയന്റീന മത്സര വിജയിയെ ആണ് ഇന്റർ മിലാൻ നേരിടുക.