ആൻഫീൽഡിലും വയറുനിറയെ ഗോൾ വാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാമത്

പ്രീമിയർ ലീഗിൽ ലിവർപൂൾ ലീഗിൽ ഒന്നാമത്. ഇന്ന് ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് 4 ഗോളിന്റെ വ്യത്യാസത്തിൽ ആൻഫീൽഡിൽ തോൽക്കുന്നത്.

ഇന്ന് ആൻഫീൽഡിൽ ഒരു പോരാട്ടം നടന്നു എന്ന് പറയാൻ ആകില്ല. തുടക്കം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ആദ്യ ഗോൾ വഴങ്ങി. അഞ്ച് മിനുട്ട് മാത്രമെ ലിവർപൂളിന് യുണൈറ്റഡ് ഡിഫൻസ് തകർക്കാൻ വേണ്ടി വന്നുള്ളൂ. ഹൈലൈൻ ഡിഫൻസ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരൊറ്റ പാസിൽ തകർന്നു. വലതു വിങ്ങിലൂടെ മൊ സലാ കുതിച്ചു. സലാ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് ലൂയിസ് ഡിയസ് ലിവർപൂളിനെ 1-0ന് മുന്നിൽ എത്തിച്ചു.
20220420 012605
22ആം മിനുട്ടിലായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ. ലിവർപൂൾ അടുത്തിടെ നേടിയ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്. വൺ ടച്ച് പാസിലൂടെ പന്ത് നീക്കിയ ലിവർപൂൾ അറ്റാക്ക്. മാനെയുടെ ഒരു അസാധ്യ പാസ് സലായെ കണ്ടെത്തുകയും സലാ വല കുലുക്കുകയും ചെയ്തു. സലായുടെ ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ നാലാം ഗോളായി ഇത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പാദത്തിൽ ഒരു ഷോട്ട് പോലും തൊടുക്കാൻ ആയില്ല. രണ്ടാം പകുതിയിൽ സാഞ്ചോ എത്തി 55ആം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി ഒരു ഷോട്ട് എടുത്തത്. 63ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് സുവർണ്ണവസരങ്ങൾ കിട്ടി എങ്കിലും എലാംഗയ്ക്കും റാഷ്ഫോർഡിനും അലിസണെ കീഴ്പ്പെടുത്താനായില്ല.

പിന്നാലെ 67ആം മിനുട്ടിൽ മാനെയുടെ ഗോൾ ലിവർപൂൾ വിജയം ഉറപ്പാക്കി. ലൂയിസ് ഡിയസിന്റെ പാസ് മാനെ ഫസ്റ്റ് ടച്ചിൽ തന്റെ ഇടം കാല് കൊണ്ട് ഗോളാക്കി മാറ്റി. ഇതോടെ യുണൈറ്റഡ് പോരാട്ടവും അവസാനിച്ചു. ഇതിനു ശേഷം 85ആം മിനുട്ടിൽ സലാ തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ലിവർപൂളും തൃപ്തരായി.

ഈ വിജയത്തോടെ ലിവർപൂൾ 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റി 74 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 33 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആറാമത് നിൽക്കുന്നു.