ഒരു സീസണിൽ തന്നെ ഫിഫ ലോകകപ്പ് കിരീടവും യുഫേഫ ചാമ്പ്യൻസ് കിരീടവും നേടുന്ന താരമാവാനുള്ള ചരിത്രം തേടി 2 അർജന്റീന താരങ്ങൾ ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ ഇറങ്ങും. ചരിത്രം തേടി മാഞ്ചസ്റ്റർ സിറ്റിക്ക് ആയി യൂലിയൻ അൽവാരസ് ഇറങ്ങുമ്പോൾ ഇന്റർ മിലാൻ ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസും തേടുന്നത് അതേ ചരിത്രം ആണ്. നിലവിൽ ഒരു സീസണിൽ ഇരു കിരീടവും നേടാൻ 9 താരങ്ങൾക്ക് മാത്രം ആണ് സാധിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് നേടുന്ന താരം ഈ നേട്ടത്തിൽ എത്തുന്ന പത്താമത്തെ മാത്രം താരമാവും.
1974 ലിൽ ജർമനിക്ക് ലോകകപ്പും ബയേണിന് ചാമ്പ്യൻസ് ലീഗും നേടി നൽകിയ ഫ്രാൻസ് ബെക്കൻബോവർ, സെപ്പ് മെയർ, പോൾ ബ്രെയ്‌റ്റ്നർ, ഹാൻസ്-ജോർജ് ഷ്വാർസൻബക്, ഉലി ഹോയിനസ്, ഗെർഡ് മുള്ളർ എന്നിവരും 1998 ൽ ഫ്രാൻസിന് ആയി ലോകകപ്പും റയൽ മാഡ്രിഡിന് ആയി ചാമ്പ്യൻസ് ലീഗും നേടിയ ക്രിസ്റ്റിയൻ കരമ്പോ, 2002 ൽ ബ്രസീലിനു ആയി ലോകകപ്പും റയൽ മാഡ്രിഡിന് ആയി ചാമ്പ്യൻസ് ലീഗും നേടിയ റോബർട്ടോ കാർലോസ്, 2018 ൽ ഫ്രാൻസിന് ആയി ലോകകപ്പും റയൽ മാഡ്രിഡിന് ആയി ചാമ്പ്യൻസ് ലീഗും നേടിയ റാഫേൽ വരാനെ എന്നിവർ ആണ് ഈ ചരിത്ര നേട്ടം ഇതിനു മുമ്പ് കൈവരിച്ച താരങ്ങൾ.