ബാറ്റിംഗില്‍ നേടാനായത് വെറും 125 റണ്‍സാണെങ്കിലും ലസിത് മലിംഗയുടെ മാന്ത്രിക സ്പെല്ലില്‍ ടി20 പരമ്പരയില്‍ ആശ്വാസ വിജയം നേടി ശ്രീലങ്ക. ന്യൂസിലാണ്ടിനെ 88 റണ്‍സിന് ഓള്‍ഔട്ട് ആക്കി 37 റണ്‍സിന്റെ വിജയം ശ്രീലങ്ക കരസ്ഥമാക്കിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ലസിത് മലിംഗയാണ് കളിയിലെ താരം. നാല് പന്തില്‍ നാല് വിക്കറ്റുള്‍പ്പെടെയായിരുന്നു മലിംഗയുടെ അഞ്ച് വിക്കറ്റ് നേട്ടം. ടി20യില്‍ രണ്ട് ഹാട്രിക്ക് നേടുന്നതും ആദ്യമായി നൂറ് വിക്കറ്റ് നേടുന്ന താരവുമായി ഇതോടെ മലിംഗ മാറി.
15/4 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ട് പിന്നീട് മത്സരത്തില്‍ കരകയറിയതേയില്ല. മലിംഗ എറിഞ്ഞ ഇന്നിംഗ്സിലെ മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയ താരം ഹാമിഷ് റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഡി ഗ്രാന്‍ഡോം, റോസ് ടെയിലര്‍ എന്നിവരെ പുറത്താക്കിയാണ് ന്യൂസിലാണ്ടിന് ദുരന്തം വിതച്ചത്. 28 റണ്‍സുമായി പുറത്താകാതെ നിന്ന ടിം സൗത്തിയാണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. 16 ഓവറില്‍ 88 റണ്‍സിന് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയപ്പോള്‍ അകില ധനന്‍ജയ 2 വിക്കറ്റ് നേടി മലിയംഗയ്ക്ക് പിന്തുണ നല്‍കി. മലിംഗ തന്റെ 4 ഓവറില്‍ വെറും 6 റണ്‍സ് നല്‍കിയാണ് അഞ്ച് വിക്കറ്റ് നേടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മിച്ചല്‍ സാന്റനറും ടോഡ് ആസ്ട്‍ലേയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് വരിഞ്ഞ് മുറുക്കിയത്. ധനുഷ്ക ഗുണതിലക(30), നിരോഷന്‍ ഡിക്ക്വെല്ല(24), ലഹിരു മധുശങ്ക(20) എന്നിവരാണ് ശ്രീലങ്കയുടെ പ്രധാന സ്കോറര്‍മാര്‍.