ബാഴ്സലോണ അവരുടെ പരിശീലകനായ റൊണാൾഡ് കോമാനെ പുറത്താക്കും എന്നുള്ള വാർത്തകൾ തള്ളി പ്രസിഡന്റ് ലപോർട. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തിൽ എന്ത് സംഭവിച്ചാലും ലപോർട ബാഴ്സലോണയിൽ തന്നെ തുടരും എന്ന് ലപോർട ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ കളി എന്താകും എന്നതിന് പ്രാധാന്യമില്ല. കോമാനെ വിശ്വസിക്കാനും അദ്ദേഹത്തിന് സമയം നൽകാനും ആണ് ക്ലബിന്റെ തീരുമാനം. ലപോർട പറഞ്ഞു.
ബാഴ്സലോണയുടെ ചരിത്രത്തിൽ ഇടമുള്ള ആളാണ് കോമാൻ. അദ്ദേഹം ബാഴ്സലോണ ഒരു വിഷമഘട്ടത്തിൽ ഉള്ളപ്പോൾ ക്ലബിനെ സഹായിക്കാൻ വന്ന ആളാണ്. അങ്ങനെ ഉള്ള ഒരാളെ ക്ലബ് വിശ്വസിക്കേണ്ടതുണ്ട് എന്നും ബഹുമാനിക്കേണ്ടതുണ്ട് എന്നും ലപോർട പറഞ്ഞു. ലപോർടയുടെ വാക്കുകൾ കോമാന് ആത്മവിശ്വാസം നൽകും എങ്കിലും ആരാധകർക്ക് ഈ വാർത്ത സന്തോഷം നൽകില്ല. കോമാനെ പുറത്താക്കാൻ വലിയ പ്രതിഷേധം ആണ് സാമൂഹിക മാധ്യമങ്ങളിൽ ബാഴ്സലോണ ആരാധകർ നടത്തുന്നത്.













