വലിയ ചർച്ചകൾക്ക് വഴി വെച്ച ലാ ലീഗ – സിവിസി ഡീലിൽ ഒപ്പിടാതെ തന്നെ സാലറി ക്യാപ് അടക്കമുള്ള കാര്യങ്ങളിൽ സാമ്പത്തിക ഭദ്രത കൈവരിക്കാനാവുമെന്ന പ്രതീക്ഷയിൽ ബാഴ്‌സലോണ. ലീഗിലെ ടീമുകൾക്ക് നൽകുന്ന പണത്തിന് പകരം അമ്പത് വർഷത്തേക്ക് ലാലിഗ ടെലിവിഷൻ റൈറ്റ്സിന്റെ 11% കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ആയ സിവിസിക്ക് നൽകുന്നതിനെ റയലും ബാഴ്‌സയും അടക്കം എതിർത്തിരുന്നു. എന്നാൽ ലീഗിലെ ഭൂരിഭാഗം ടീമുകളും ഇതിനെ പിന്തുണച്ചു. അത്ലറ്റിക് ക്ലബ്ബ് മാത്രമാണ് ലാ ലീഗയിൽ ഈ ഡീലിനെ എതിർത്ത മറ്റൊരു ടീം. വലിയൊരു തുക ലഭിക്കുമെന്നതിനാലും ഈ സംഖ്യ ടീമിന്റെ വരുമാനത്തിൽ പ്രതിഫലിക്കുമെന്ന് ലാ ലീഗ ഉറപ്പ് നൽകിയതിനാലും ഭൂരിഭാഗം ടീമുകളും ഇതിനെ പിന്തുണക്കുക ആയിരുന്നു.
“ലാ ലീഗ ഇമ്പൾസോ” എന്ന ഈ ഡീൽ വഴി 2.7 ബില്യൺ യൂറോയാണ് സിവിസി ലാ ലീഗയിൽ നിക്ഷേപിക്കുക. ഇതിന്റെ 90% വും ടീമികൾക്കിടയിൽ വീതിച്ചു നൽകാൻ ആണ് തീരുമാനം. കോവിഡ് മഹാമാരി ടീമുകളെ വലിയ തോതിൽ ബാധിച്ച അവസരത്തിൽ കൂടിയാണ് ഈ ഡീൽ മുന്നോട്ടു കൊണ്ടു പോകാൻ ലാ ലീഗ തീരുമാനിച്ചത്. ലീഗിലെ ആദ്യ രണ്ടു ഡിവിഷനുകളിലെയും എല്ലാ ടീമുകളും ഈ ഡീലിന്റെ കീഴിൽ വരും.
എന്നാൽ ദീർഘകാലത്തെക്കുള്ള ഈ ഡീൽ ഭാവിയിൽ തങ്ങളെ സാരമായി ബാധിച്ചേക്കും എന്നതാണ് റയൽ , ബാഴ്‌സ ടീമുകൾ എതിർക്കാൻ കാരണം.
സിവിസി ഡീലിന്റെ ഭാഗമാകാതെ വരുമാനം വർധിപ്പിക്കാൻ വേണ്ടി ബാഴ്‌സലോണക്ക് തങ്ങളുടെ “ബാഴ്‌സ ലൈസൻസിങ് & മേർച്ചന്റയ്സിങ് (BLM)”, ടെലിവിഷൻ റൈറ്റ്‌സ് മാനേജ്‌മെന്റ് എന്നിവയുടെ ഭാഗികമായ വില്പനയിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷ. ജേഴ്‌സി അടക്കമുള്ള ക്ലബ്ബ് പ്രോഡക്റ്റുകളുടെ വില്പന സ്വന്തം നിലക്ക് ചെയ്യാൻ വേണ്ടി ആരംഭിച്ച ബി.എൽ.എം ന്റെ 49% വരെയുള്ള ഓഹരി വിൽപ്പന വഴി 200മില്യൺ യൂറോയോളം സമാഹരിക്കാൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ.
ജൂണ് 16ന് ഡയറക്ടർ ബോർഡ് വിളിച്ചു ചേർത്ത ക്ലബ്ബ് പ്രതിനിധികളുടെ യോഗത്തിൽ ഈ നീക്കങ്ങൾക്ക് അനുമതി കിട്ടുന്നതോടെ തുടർ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് മാനേജ്‌മെന്റ്.
ജൂൺ 30 ന് മുൻപ് വരുമാനം വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത സീസണിലേക്കും സാലറി ക്യാപ് പ്രശ്നം ആവുമെന്നതിനാൽ വേഗത്തിൽ കാര്യങ്ങൾ നീക്കാൻ ആവും മാനേജ്‌മെന്റിന്റെ ശ്രമം.
അതേ സമയം തങ്ങൾ സിവിസി ഡീലിനോട് നൂറ് ശതമാനം “നോ” പറഞ്ഞിട്ടില്ലെന്നും ഏറ്റവും അവസാനത്തെ പോംവഴിയായി മാത്രമേ അതിനെ കാണുന്നുള്ളൂ എന്നും ക്ലബ്ബ് ഭാരവാഹികളിൽ ഒരാളിൽ നിന്നും അറിയാൻ കഴിഞ്ഞതായി മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തു. നേരത്തെ സീരി എ യിലും സിവിസി സമാനമായ ഡീൽ മുന്നോട്ടു വെച്ചെങ്കിലും യുവന്റസ് എസി മിലാൻ തുടങ്ങിയ വമ്പന്മാരിൽ നിന്നും വലിയ എതിർപ്പാണ് നേരിട്ടത്