ലാലിഗയിൽ ലീഗിന്റെ തലപ്പത്ത് എത്താനുള്ള സുവർണ്ണാവസരം തുലച്ച് ബാഴ്സലോണ. ഇന്നു അവർ ഗ്രാനഡെക്ക് എതിരായ പോരാട്ടത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സലോണ പരാജയപ്പെട്ടത്. നിർണായക പോരാട്ടത്തിൽ ഗ്രാനഡ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണയെ തോൽപ്പിച്ചത്. ക്യാമ്പ്നുവിൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ബാഴ്സലോണക്ക് ആയി.
23ആം മിനുട്ടിൽ മെസ്സി ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. ഗ്രീസ്മന്റെ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ആദ്യ പകുതിയിൽ ആ ലീഡിൽ നിൽക്കാൻ ബാഴ്സലോണക്ക് ആയി. പക്ഷെ രണ്ടാം പകുതിയിൽ അവർ പതറി. 63ആം മിനുട്ടിൽ മാചിസിലൂടെ ഗ്രാനഡ സമനില നേടി. ബാഴ്സലോണ തിരിച്ചു ലീഡ് എടുക്കാൻ ശ്രമിച്ചു എങ്കിലും ലീഡ് എടുത്തത് ഗ്രാനഡ ആയിരുന്നു.
79ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസിൽ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ മൊലിന ആണ് ഗ്രാനഡക്ക് ലീഡ് നൽകിയത്. 39കാരനായ താരം ഈ ഗോളോടെ ബാഴ്സലോണക്ക് എതിരെ ഗോളടിക്കുന്ന പ്രായം കൂടിയ താരമായി മാറി. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ ബാഴ്സലോണക്ക് ലീഡ് ഒന്നാമത് എത്താമായിരുന്നു. ഈ പരാജയം ലാലിഗ കിരീട പോരാട്ടം വീണ്ടും പ്രവചിക്കാൻ കഴിയാത്ത രീതിയിലാക്കി.
ഈ പരാജയത്തോടെ ബാഴ്സലോണയെ 71 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. മൂന്നാമതുള്ള റയലിനും 71 പോയിന്റാണ്. 73 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഇപ്പോഴും ഒന്നാമത് ഉള്ളത്. ഇനി 5 മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ. ലാലിഗ ടോപ് 3യിലെ മൂന്ന് പേരും അവസാന മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്തി.