സ്പാനിഷ് ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ തങ്ങൾക്ക് ഭീഷണി ഉയർത്തുന്ന സെവിയ്യയെ തോൽപ്പിച്ചു റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തിരിച്ചു വന്നു ജയം കാണുക ആയിരുന്നു ആഞ്ചലോട്ടിയുടെ ടീം. പന്ത് കൈവശം വക്കുന്നതിൽ ചെറിയ മുൻതൂക്കം റയൽ മാഡ്രിഡിന് ഉണ്ടായിരുന്നു എങ്കിലും സെവിയ്യയും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിറകിൽ ആയിരുന്നില്ല. പന്ത്രണ്ടാം മിനിറ്റിൽ മാർക്കോസ് അകുനയുടെ കോർണറിൽ നിന്നു റാഫ മിർ സെവിയ്യക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. ഗോൾ വഴങ്ങിയ ശേഷം റയൽ കൂടുതൽ ഉണർന്നു കളിക്കാൻ തുടങ്ങി. പലപ്പോഴും സെവിയ്യ ശ്രമങ്ങളെ റയൽ ഗോൾ കീപ്പർ തിബൗട് കോർട്ടോയ്‌സ് മികച്ച രക്ഷപ്പെടുത്തലുകളും ആയി തടയുകയും ചെയ്തു.
മത്സരത്തിന്റെ 31 മത്തെ മിനിറ്റിൽ തനിക്ക് കിട്ടിയ അവസരം ഗോൾ ആക്കി മാറ്റിയ കരീം ബെൻസെമ റയലിന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് സമനിലയിലേക്ക് പോകുന്നു എന്ന് തോന്നിയ മത്സരത്തിൽ ആണ് വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ വിജയഗോൾ ഉണ്ടാവുന്നത്. 87 മത്തെ മിനിറ്റിൽ മിലിറ്റാവോ ഉയർത്തി നൽകിയ പന്ത് മനോഹരമായി വരുതിയിലാക്കിയ ബ്രസീലിയൻ യുവ താരം ഡ്രിബിൾ ചെയ്ത ശേഷം ബോക്സിന് പുറത്ത് നിന്ന് മാരകമായ ഒരു അടിയിലൂടെ ലക്ഷ്യം കാണുക ആയിരുന്നു. ഏതു കളിയും ജയിപ്പിക്കാൻ ഉതകുന്ന വിധം മികച്ച ഗോൾ തന്നെയായിരുന്നു ഇത്. ലീഗിൽ നാലാമതുള്ള സെവിയ്യക്ക് എതിരെ ഏറ്റവും നിർണായക ജയം ആണ് റയലിന് ഇത്. ഈ ജയത്തോടെ ലീഗിൽ രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡും ആയുള്ള അകലം റയൽ നാലു പോയിന്റുകൾ ആക്കി ഉയർത്തി.