സ്പാനിഷ് ലാ ലീഗയിൽ ഡപ്പാർട്ടീവോ അലാവസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന് ജയം കണ്ട് അത്ലറ്റികോ മാഡ്രിഡ്. നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ആണ് സിമിയോനിയുടെ ടീം. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്ത് ഉള്ള സെവിയ്യയെക്കാൾ 4 പോയിന്റുകൾ മുന്നിൽ എത്താനും അവർക്ക് ആയി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ട്രിപ്പിയറിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ സോൾ നിഗ്വസ് ആണ് 59 മിനിറ്റിൽ അത്ലറ്റികോയുടെ ആദ്യ ഗോൾ നേടുന്നത്. സോൾ ഗോൾ നേടിയ മത്സരങ്ങളിൽ അത്ലറ്റികോ ഇത് വരെ തോറ്റിട്ടില്ലെന്ന പതിവ് ഇത്തവണയും തുടർന്നു.
73 മത്തെ മിനിറ്റിൽ മാർക്കോസ് യോറന്റെയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഡീഗോ കോസ്റ്റ അത്ലറ്റികോ മാഡ്രിഡിന്റെ ജയം ഉറപ്പിച്ചു. മത്സരത്തിലെ അവസാന നിമിഷങ്ങളിൽ ഇഞ്ച്വറി ടൈമിൽ 93 മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹോസെലു ആണ് ഡപ്പാർട്ടീവോ അലാവസിന് ആശ്വാസ ഗോൾ സമ്മാനിച്ചത്. ജയം അത്ലറ്റികോ മാഡ്രിഡിന് ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ സഹായകമാവും. അതേസമയം പരാജയം വഴങ്ങിയ ഡപ്പാർട്ടീവോ ലീഗിൽ 15 മത്തെ സ്ഥാനത്ത് ആണ്.