തിരിച്ചു വന്നു നാപ്പോളിയെ വീഴ്ത്തി അറ്റലാന്റ, സീരി എയിൽ കിരീടപോരാട്ടം അത്യന്തം ആവേശത്തിലേക്ക്

Wasim Akram

ഇറ്റാലിയൻ സീരി എയിൽ ലീഗിൽ ഒന്നാമത് ആയിരുന്ന നാപ്പോളിയെ തിരിച്ചു വന്നു രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു അറ്റലാന്റ. പന്ത് കൈവശം വക്കുന്നതിൽ നാപ്പോളി ചെറിയ മുൻതൂക്കം കാണിച്ചു എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് അറ്റലാന്റ ആയിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ അറ്റലാന്റ മുന്നിലെത്തി. സപാറ്റയുടെ പാസിൽ നിന്നു രസ്‌ലൻ മാലിൻസ്വോകി ആയിരുന്നു അറ്റലാന്റക്ക് ഗോൾ സമ്മാനിച്ചത്. തുടർന്ന് ആദ്യ പകുതിയിൽ തന്നെ 40 മത്തെ മിനിറ്റിൽ സെലിൻസ്കിയിലൂടെ നാപ്പോളി മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടനെ കെവിന്റെ പാസിൽ നിന്നു ലക്ഷ്യം കണ്ട മെർട്ടൻസ് നാപ്പോളിയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു.

എന്നാൽ തുടർന്ന് നിരന്തരം ആക്രമണം അഴിച്ചു വിടുക ആയിരുന്നു അറ്റലാന്റ. 66 മത്തെ മിനിറ്റിൽ റാഫേലിന്റെ പാസിൽ നിന്നു ലക്ഷ്യം കണ്ട ഡമിറൽ അറ്റലാന്റയെ മത്സരത്തിൽ വീണ്ടും ഒപ്പമെത്തിച്ചു. തുടർന്ന് 5 മിനിട്ടുകൾക്ക് അകം ഇലിസിച്ചിന്റെ പാസിൽ നിന്നു കരിയറിൽ അപൂർവമായ ഗോൾ നേടിയ റെമോ ഫ്രലർ അറ്റലാന്റക്ക് ജയം സമ്മാനിക്കുക ആയിരുന്നു. തോൽവിയോടെ ലീഗിൽ നാപ്പോളി മൂന്നാം സ്ഥാനത്തേക്ക് വീണു, അറ്റലാന്റ ആവട്ടെ നാപ്പോളിക്ക് വെറും 2 പോയിന്റുകൾ പിറകിൽ നാലാമത് ആണ്. നിലവിൽ 38 പോയിന്റുകൾ നേടി എ.സി മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുമ്പോൾ 37 പോയിന്റുകൾ നേടിയ ഇന്റർ മിലാൻ രണ്ടാമത് ആണ്, നിലവിൽ 36 പോയിന്റുകൾ ആണ് മൂന്നാമതുള്ള നാപ്പോളിക്ക് ഉള്ളത്.