തങ്ങളുടെ ബ്രസീലിയൻ ഇതിഹാസ താരം ഡാനി ആൽവസിനെ ക്ലബിൽ തിരിച്ചു കൊണ്ടു വന്നു ബാഴ്സലോണ. സാവി പരിശീലകൻ ആയതിനു പിന്നാലെയാണ് 38 കാരനായ ഡാനി ആൽവസിനെ ബാഴ്സ ഈ സീസൺ അവസാനം വരെ കരാർ നൽകി ക്ലബിൽ തിരിച്ചു കൊണ്ടു വന്നത്. 2023 വരെ നീട്ടാവുന്ന വിധം വ്യവസ്ഥയിൽ ആണ് ബ്രസീൽ താരത്തിന്റെ ബാഴ്സലോണലിലേക്കുള്ള തിരിച്ചു വരവ്. ബാഴ്സലോണ പരിശീലകൻ ആയ ശേഷം സാവി ബാഴ്സലോണയിൽ എത്തിക്കുന്ന ആദ്യ താരമാണ് ആൽവസ്.എന്നാൽ ക്ലബിൽ എത്തിയെങ്കിലും അടുത്ത ജനുവരി മുതൽ മാത്രമേ താരത്തിന് ബാഴ്സലോണയിൽ കളിക്കാൻ സാധിക്കു.
സെപ്റ്റംബറിൽ ബ്രസീലിയൻ ക്ലബ് സാവോ പോളോയും ആയുള്ള കരാർ അവസാനിച്ച ശേഷം താരത്തിന് ഒരു ക്ലബും ആയി കരാർ ഉണ്ടായിരുന്നില്ല. നിലവിലെ ക്ലബിന്റെ മോശം അവസ്ഥയിൽ ഇതിഹാസ താരത്തിന്റെ ടീമിലെ സാന്നിധ്യം ക്ലബിന് സഹായകമാവും എന്നാണ് ബാഴ്സലോണ പ്രതീക്ഷ. യുവന്റസിലും പി.എസ്.ജിയിലും കളിച്ച ആൽവസ് 8 കൊല്ലമാണ് ബാഴ്സലോണക്ക് ആയി കളിച്ചത്. അതിൽ 6 സ്പാനിഷ് ലാ ലീഗ കിരീടങ്ങളും 3 ചാമ്പ്യൻസ് ലീഗും താരം നേടി. ടീമിലെ സ്ഥാനത്തിന് ഡെസ്റ്റ്, ഓസ്കാർ എന്നിവർക്ക് നല്ല പോരാട്ടം നൽകാൻ ആവും ആൽവസിന്റെ ശ്രമം.