യൂറോപ്പ ലീഗിലെ നിരാശ മറക്കാൻ ലാ ലീഗയിൽ ഇറങ്ങിയ ബാഴ്‌സലോണയെ അട്ടിമറിച്ചു കാഡിസ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന അവർ എതിരില്ലാത്ത ഒരു ഗോളിന് ആണ് ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് അട്ടിമറിച്ചത്. 75 ശതമാനം സമയവും ബാഴ്‌സലോണ പന്ത് കൈവശം വച്ച മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കാഡിസ് ബാഴ്‌സലോണക്ക് അത്ര പിന്നിൽ ആയിരുന്നില്ല. തോൽവിയോടെ ലീഗിലെ 7 മത്സരങ്ങളുടെ ബാഴ്‌സലോണയുടെ വിജയ കുതിപ്പ് ആണ് അവസാനിച്ചത്. നിലവിൽ റയലിന് 15 പോയിന്റുകൾ പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് ബാഴ്‌സലോണ. അതേസമയം ജയത്തോടെ തരം താഴ്ത്തൽ ഭീഷണിയിൽ നിന്നു രക്ഷപ്പെട്ട കാഡിസ് 16 സ്ഥാനത്തേക്ക് കയറി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ബാഴ്‌സലോണയെ ഞെട്ടിച്ച ഗോൾ പിറന്നത്. രണ്ടാം പകുതി തുടങ്ങി 3 മിനിറ്റിനുള്ളിൽ തന്നെ ബാഴ്‌സലോണ പിറകിൽ പോയി. സോബ്രിനോയുടെ ഹെഡറും ഷോട്ടും അതുഗ്രൻ ഡബിൾ സേവിലൂടെ രക്ഷിച്ച ടെർ സ്റ്റെഗനെ റീ ബൗണ്ട് അവസരത്തിൽ ഷോട്ടിലൂടെ മറികടന്ന മുൻ ആഴ്‌സണൽ താരം ലൂകാസ് പെരസ് ആണ് കാഡിസിന് വിലമതിക്കാൻ ആവാത്ത വിജയം സമ്മാനിച്ചത്. പിന്നീട് ഗോൾ മടക്കാനുള്ള സാവിയുടെ ടീമിന്റെ ശ്രമങ്ങൾ മികച്ച രക്ഷപ്പെടുത്തൽ കൊണ്ട് കാത്ത കാഡിസ് ഗോൾ കീപ്പർ ലെഡ്സെമയാണ് ബാഴ്‌സലോണക്ക് മുന്നിൽ വില്ലൻ ആയത്. ഇടക്ക് അലക്സിനു ലഭിച്ച അവസരം താരം നഷ്ടപ്പെടുത്തിയത് ആണ് ബാഴ്‌സലോണ പരാജയം ഒരു ഗോളിൽ ഒതുങ്ങാൻ കാരണം.