സ്പാനിഷ് ലാ ലീഗയിൽ കറ്റലൻ ഡാർബിയിൽ ബാഴ്‌സലോണ, എസ്പിന്യോൾ മത്സരം സമനിലയിൽ. ഇരു ടീമുകളും 2 ഗോൾ വീതം അടിച്ചു സമനില പാലിക്കുക ആയിരുന്നു. സംഭവബഹുലമായ മത്സരത്തിൽ ഗോളുകളും ചുവപ്പ് കാർഡുകളും എല്ലാം പിറന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ബാഴ്‌സലോണ മുന്നിലെത്തി. ജോർദി ആൽബയുടെ ക്രോസിൽ നിന്നു പെഡ്രി ആണ് ബാഴ്‌സലോണയെ മത്സരത്തിൽ മുന്നിലെത്തിച്ചത്. പന്ത് കൈവശം വക്കുന്നതിൽ ബാഴ്‌സലോണ മുന്നിട്ട് നിന്നെങ്കിലും എസ്പിന്യോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അത്ര പിന്നിൽ ആയിരുന്നില്ല. നാപ്പതാം മിനിറ്റിൽ റൗൾ ദി തോമസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഗോൾ നേടിയ സെർജി ദാർദർ എസ്പിന്യോളിന് സമനില ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ ഗാവി ബാഴ്‌സലോണക്ക് ആയി ഗോൾ നേടിയെങ്കിലും വാർ അനുവദിച്ചില്ല. ഇതിനു ശേഷം ബാഴ്‌സ ജനുവരിയിൽ ടീമിൽ എത്തിയ ഒബമയാങിനെ കളത്തിൽ ഇറക്കി. തുടർന്ന് 64 മത്തെ മിനിറ്റിൽ സെർജി ദാർദറിന്റെ പാസിൽ നിന്നു ഗോൾ നേടിയ റൗൾ ദി തോമസ് എസ്പിന്യോളിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. പിന്നീട് പലപ്പോഴും കളി പരുക്കനായി. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് പരസ്പരം കൊമ്പ് കോർത്ത ബാഴ്‌സയുടെ ജെറാർഡ് പിക്വക്കും എസ്പിന്യോളിന്റെ നിക്കോളാസ് മെലമദിനും റഫറി ചുവപ്പ് കാർഡ് കാണിച്ചു. ബെഞ്ചിലെ മോശം പെരുമാറ്റത്തിന് എസ്പിന്യോളിന്റെ മാനുവൽ അറീന്യോക്കും ചുവപ്പ് കാർഡ് കണ്ടു. ബാഴ്‌സലോണ തോൽവി മണത്ത മത്സരത്തിൽ കളം നിറഞ്ഞു കളിച്ച ആദാമ ട്രയോറയുടെ അവസാന മിനിറ്റിലെ അവിശ്വസനീയമായ ഒരു ക്രോസിൽ നിന്നു ഹെഡറിലൂടെ ലൂക് ഡി ജോങ് ബാഴ്‌സക്ക് സമനില സമ്മാനിക്കുക ആയിരുന്നു. സമനിലയോടെ ബാഴ്‌സലോണ ലീഗിൽ നാലാം സ്ഥാനത്ത് എത്തി. അതേസമയം ലീഗിൽ പതിമൂന്നാം സ്ഥാനത്ത് ആണ് എസ്പിന്യോൾ.ലീഗിൽ മറ്റൊരു മത്സരത്തിൽ റയൽ സോസിദാഡ് ഗ്രനാഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആറാം സ്ഥാനത്തേക്ക് മുന്നേറി.