ഐപിഎലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡൽഹിയ്ക്കെതിരെ 193 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎലില്‍ തന്റെ ആദ്യ മത്സരത്തിൽ തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കൈൽ മയേഴ്സ് ആണ് ലക്നൗവിനെ മുന്നോട്ട് നയിച്ചത്. 7 സിക്സ് നേടിയ താരം 38 പന്തിൽ നിന്ന് 73 റൺസാണ് നേടിയത്.
മയേഴ്സിന്റെ ക്യാച്ച് പവര്‍പ്ലേയ്ക്കുള്ളിൽ കൈവിട്ടതിന് വലിയ വിലയാണ് ഡൽഹി കൊടുക്കേണ്ടി വന്നത്. കെഎൽ രാഹുലിനെ തുടക്കത്തിൽ നഷ്ടമായ ശേഷം മയേഴ്സിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ലക്നൗ സ്കോറിനെ മുന്നോട്ട് നയിച്ചത്. 79 റൺസാണ് മയേഴ്സ് രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയോടൊപ്പം നേടിയത്. എന്നാൽ ഹൂഡയും മയേഴ്സും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ലക്നൗവിന് തിരിച്ചടിയായി.
മയേഴ്സ് പുറത്തായതിന് ശേഷ 21 പന്തിൽ 36 റൺസ് നേടി നിക്കോളസ് പൂരന്‍ ആണ് ലക്നൗവിന്റെ തുടരുവാന്‍ സഹായിച്ചത്. പൂരന്‍ മടങ്ങിയ ശേഷം 7 പന്തിൽ 18 റൺസ് നേടിയ ആയുഷ് ബദോനിയും 13 പന്തിൽ 15 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയും ടീമിനെ 193/6 എന്ന സ്കോറിലേക്ക് എത്തിച്ചു.
അവസാന പന്ത് നേരിട്ട കൃഷ്ണപ്പ ഗൗതം സിക്സര്‍ പറത്തുകയായിരുന്നു. ഡൽഹിയ്ക്കായി ഖലീൽ അഹമ്മദും ചേതന്‍ സക്കറിയയും രണ്ട് വീതം വിക്കറ്റ് നേടി.