മഴ നിയമത്തിൽ കൊൽക്കത്ത തോറ്റു, പഞ്ചാബ് കിംഗ്സിന് വിജയ തുടക്കം

Newsroom

Picsart 23 04 01 19 29 58 562
Download the Fanport app now!
Appstore Badge
Google Play Badge 1

മഴ വില്ലനായി അവസാനം അവതരിച്ച മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ പഞ്ചാബ് കിംഗ്സിന് വിജയം. ഏഴ് റൺസിന്റെ വിജയമാണ് പഞ്ചാബ് കിങ്സ് മഴ കാരണം പൂർത്തിയാക്കാൻ കഴിയാത്ത മത്സരത്തിൽ വിജയിച്ചത്.

Picsart 23 04 01 19 29 47 447

192 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. 4 ഓവർ കഴിഞ്ഞപ്പോൾ അവർ 29-3 എന്ന നിലയിൽ ആയിരുന്നു. മന്ദീപ്, ഗുർബാസ്, അങ്കുക് എന്നിവർ പെട്ടെന്ന് തന്നെ കളം വിട്ടു. പിന്നീട് വെങ്കിടേഷ് അയ്യറും നിതീഷ് റാണയും പതിയെ ഇന്നിങ്സ് പടുത്തു. നിതീഷ് 17 പന്തിൽ 24 റൺസ് എടുത്തു പുറത്തായി. പിന്നാലെ 4 റൺ എടുത്ത റിങ്കുവും പുറത്തായി.

അതിനു ശേഷം വെങ്കിടേഷ് അയ്യറും റസലും ഒരുമിച്ചു. അപ്പോഴേക്കും ആവശ്യമായ റൺ റേറ്റ് ഏറെ മുകളിൽ എത്തിയിരുന്നു. ആക്രമിച്ചു കളിച്ച റസൽ 19 പന്തിൽ 35 റൺസ് എടുത്ത് സാം കറന്റെ പന്തിൽ പുറത്തായി. അപ്പോൾ 130/6 എന്ന നിലയിൽ ആയിരുന്നു. 31 പന്തിൽ നിന്ന് 62 റൺ അപ്പോൾ വേണമായിരുന്നു. അടുത്ത ഓവറിൽ അർഷ്ദീപിന്റെ പന്തിൽ വെങ്കിടേഷ് അയ്യറും പുറത്തായി. 28 പന്തിൽ നിന്ന് 34 റൺസ് ആണ് അയ്യർ എടുത്തത്.

കളി 16 ഓവറിൽ 146/7 എന്ന് നിൽക്കെ മഴ എത്തിയതോടെ കളി നിർത്തിവെച്ചു. അപ്പോൾ ഡെക്വർത്ത് ലൂയിസ് നിയമം അനുസരിച്ച് കൊൽക്കത്ത ഏഴ് റൺസിന് പിറകിൽ ആയിരുന്നു. കളി പുനരാരംഭിക്കാൻ ആവാഞ്ഞതോടെ പഞ്ചാബ് കളി വിജയിച്ചതായി പ്രഖ്യാപിച്ചു.

ഇന്ന് പഞ്ചാബിനായി അർഷ്ദീപ് മൂന്ന് വിക്കറ്റും സാം കുറാൻ, സികന്ദർ റാസ, ചാഹർ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് 191/5 എന്ന മികച്ച സ്കോർ ഉയർത്തി. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ നല്ല തുടക്കം തന്നെ പഞ്ചാബിന് ലഭിച്ചു. 12 പന്തിൽ നിന്ന് 23 റൺസ് അടിച്ച പ്രബ്സിമ്രൻ ആണ് ആദ്യം പുറത്തായത്. അതിനു ശേഷം ധവാനും രജപക്ഷയും ചേർന്ന് ടീമിനെ നല്ല സ്കോറിലേക്ക് നയിച്ചു. 32 പന്തിൽ 50 റൺസ് എടുത്താണ് രജപക്ഷ പുറത്തായത്. ധവാൻ 40 റൺസും എടുത്തു‌.

Picsart 23 04 01 16 58 29 993

11 പന്തിൽ 21 റൺസ് എടുത്ത ജിതേഷ് ശർമ്മയും ഇന്നിംഗിന് വേഗത കൂട്ടി. സികന്ദർ റാസ 16 റൺസ് എടുത്ത് പുറത്തായി. അവസാന ഓവറുകളിൽ റൺ എടുക്കുന്ന വേഗത കുറഞ്ഞത് പഞ്ചാബിനെ വലിയ സ്കോറിൽ നിന്ന് അകറ്റി. സാം കറാൻ 17 പന്തിൽ 26 റൺസ് എടുത്തു ഷാറൂഖ് 7 പന്തിൽ 11 റൺസ് എടുത്തും പുറത്താകാതെ നിന്നു.

കെ കെ ആറിനായി ടിം സൗതി രണ്ടു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി, സുനിൽ നരേൻ, ഉമേഷ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.